‘എന്‍റെ ഏക മകളല്ലേ, ഞങ്ങൾക്ക് വേറെ ആശ്രയമുണ്ടോ, സത്യം അറിയണ്ടേ; സി.ബി.ഐ അന്വേഷണത്തെ സർക്കാർ എന്തിന് എതിർക്കുന്നു’ -ഡോ. വന്ദനയുടെ പിതാവ്
text_fieldsകൊച്ചി: മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എന്തിന് എതിർക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഡോ. വന്ദനയുടെ പിതാവ് മോഹൻ ദാസ്. സി.ബി.ഐ അന്വേഷണം തള്ളിയ ഹൈകോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകും. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്ന് കരുതിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും മോഹൻ ദാസ് വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂൺ 30നാണ് ഹരജി സമർപ്പിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചത് ചൂണ്ടിക്കാട്ടി അന്വേഷണം നിരാകരിച്ചു. ഇതുവരെ സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഏഴു മാസം കൊണ്ട് 20 തവണ കേസ് പരിഗണിച്ചിട്ടും നീട്ടിക്കൊണ്ടുപോയി. ആറ് ജഡ്ജിമാർ മാറി വന്നു. അതിനിടെയാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. എന്തിനാണ് മകളുടെ മരണത്തെ സർക്കാർ എതിർക്കുന്നതെന്ന് മനസിലാകുന്നില്ല.
സംഭവം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ അക്രമിയെ പിടിച്ചു മാറ്റാൻ പോലും തയാറായില്ല. ഒപ്പമുണ്ടായിരുന്ന എല്ലാവരും ഓടി മാറി. മകൾ നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാൻ വന്നില്ല. പൊലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാവില്ലെന്നും മോഹൻ ദാസ് ചൂണ്ടിക്കാട്ടി.
മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. മുറിവുകളിലെ രക്തം തുടച്ചു മാറ്റിയില്ല. ഒരു ഡോക്ടർ പോലും ആംബുലൻസിൽ ഒപ്പം പോയില്ല. പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഹൈകോടതി പറഞ്ഞാൽ എങ്ങനെ ശരിയാവും. എന്‍റെ ഏക മകളല്ലേ, ഞങ്ങൾക്ക് ഇനി വേറെ ആശ്രയമുണ്ടോ, ഞങ്ങൾക്ക് സത്യം അറിയണ്ടേ -മോഹൻ ദാസ് മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.