ഡോ. വന്ദന വധം: സന്ദീപ് കാര്യങ്ങൾ മറയ്ക്കുന്നതായി ഡിവൈ.എസ്.പി
text_fieldsകൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറയ്ക്കുന്നതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്.
കേസിനോട് സന്ദീപ് സഹകരിക്കുന്നുണ്ടെങ്കിലും തന്‍റെ ഭാഗം വരുമ്പോൾ പരസ്പരവിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. ചെറുകരക്കോണം പടിഞ്ഞാറ്റതിൽ ശ്രീകുമാറിന്‍റെ വീട്ടിൽ വന്നിട്ടില്ലെന്നും സമീപത്തെ ഓട്ടോ ഡ്രൈവർ ദിനേശന്‍റെ വീട്ടിലാണ് പോയതെന്നും സന്ദീപ് പറയുന്നു. ശ്രീകുമാറിന്‍റെ വീട്ടിലെ കൂറ്റൻ മതിലിന്‍റെ മുകളിലൂടെയാണ് പോയതെന്നും പ്രതി പറയുന്നു. എന്നാൽ, തന്നെ ആരോ കൊല്ലാൻ വരുന്നുണ്ടെന്ന് പറഞ്ഞാണ് വീടിന്‍റെ പിറകുവശത്ത് സന്ദീപ് നിന്നതെന്ന് ശ്രീകുമാർ പറഞ്ഞു.
സന്ദീപിനെ ആരും കൊല്ലാൻ വരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരിക്കാനും ശ്രീകുമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രതി സഹകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ സമീപത്തെ കോളനിയിലും കയറിയതായി പൊലീസ് പറയുന്നു. ആ ദിവസം പ്രതിക്ക് എന്തു പറ്റിയെന്നതിനെ കുറിച്ച അന്വേഷണത്തിലാണ് പൊലീസ്. കൊല്ലാൻ ആരോ വരുന്നുണ്ടെന്ന് പ്രതി പറയുന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.
സന്ദീപുമായി തെളിവെടുത്തു
കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഓടനാവട്ടം ചെറുകരക്കോണത്ത് തെളിവെടുപ്പിനെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് പ്രതിയെ ചെറുകരക്കോണം പടിഞ്ഞാറ്റതിൽ ശ്രീകുമാറിന്‍റെ വീട്ടിൽ എത്തിച്ചത്. ഇവിടെനിന്നാണ് സന്ദീപിനെ പൊലീസ് മേയ് 10ന് രാവിലെ നാലോടെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിലങ്ങ് അണിയിപ്പിച്ച് സന്ദീപിനെ പൊലീസ് സഹായത്താൽ പുറത്തിറക്കി. രണ്ടു കാലിലും പ്ലാസ്റ്റർ ഇട്ടനിലയിലായിരുന്നു സന്ദീപ്. അന്ന് കടന്നുപോയ വഴികൾ പൊലീസിന് കാട്ടിക്കൊടുത്തു. ശ്രീകുമാറിന്‍റെ വീടിന്‍റെ അടുക്കള ഭാഗത്ത് എത്തിച്ചപ്പോൾ, താൻ വന്നത് ഇവിടെയല്ലെന്നും സമീപത്തെ ദിനേശന്‍റെ വീട്ടിലാണെന്നും പ്രതി പറയുന്നുണ്ടായിരുന്നു.
വീടിന്‍റെ മുകളിലെ കൂറ്റൻ മതിലിലൂടെയാണ് നടന്നുപോയതെന്നും അതുവഴി തനിക്ക് പോകാനാവില്ലെന്നും പ്രതി പറഞ്ഞു. 20 മിനിറ്റിന് ശേഷം 250 മീറ്റർ അകലെയുള്ള സന്ദീപിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി.
ശബ്ദം കേട്ടതായും ഇതിനെ തുടർന്നാണ് രാത്രി ഒന്നിന് വീട്ടിൽനിന്ന് ഇറങ്ങിയതെന്നും മൊഴി നൽകി. വീട് തുറന്നുകൊടുത്ത സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോൾ വളർത്തമ്മയാണെന്ന് മറുപടി നൽകി. തെളിവെടുപ്പിന് ശേഷം വൈകീട്ട് 4.30ഓടെ സന്ദീപിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം പൊലീസ് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.