ഡോ. വന്ദനയുടെ മരണം: കോടതി പരാമർശങ്ങൾക്കെതിരായ വിമർശനം കാര്യമാക്കുന്നില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിലെ പരാമർശങ്ങളെ വിമർശിച്ച് സൈബറിടങ്ങളിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ കാര്യമാക്കുന്നില്ലെന്ന് ഹൈകോടതി. അവർക്ക് എന്ത് വേണമെങ്കിലും പറയാം. കോടതി ആർക്കും എതിരല്ലെന്ന് മാത്രമല്ല, സർക്കാറും ഇക്കാര്യത്തിൽ ഒപ്പമുണ്ട്. കോടതി സ്വമേധയ കേസെടുത്തതല്ല. ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരം വിഷയം പരിഗണിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ആശങ്കയാണ് പങ്കുവെച്ചത്. ആരോഗ്യ സർവകലാശാലയുടെ അടിയന്തര ഹരജിയും പരിഗണനക്ക് വന്നിരുന്നു. ഇത് ജുഡീഷ്യൽ ആക്ടിവിസമാണെന്ന് പറയുന്നവരുടെ ലക്ഷ്യം വേറെയാണ്. നിലവിലെ സംവിധാനം മാറരുതെന്ന് വാശിപിടിക്കുന്നതിൽ കാര്യമില്ലെന്നും കോടതി വാക്കാൽ പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുമായെത്തിയ പൊലീസിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലേ എന്ന ഹൈകോടതിയുടെ ചോദ്യത്തെ വിമർശിച്ച് സർക്കാർ അഭിഭാഷകയായ രശ്‌മിത രാമചന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വിദേശ രാജ്യങ്ങളിലെ പൊലീസിന്റെ തോക്കുപയോഗത്തെ കുറിച്ചുള്ള പഠനങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. സുരക്ഷ നൽകാനായില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്ന പരാമർശവും ചർച്ചാ വിഷയമാക്കിയിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന് ശേഷം പാർലമെന്റ് പൂട്ടിയിട്ടില്ലെന്നും കേരള ഹൈകോടതിയുടെ മുകളിൽനിന്ന് ഒരാൾ ചാടി മരിച്ചതിന് ശേഷവും കോടതികൾ പ്രവർത്തിച്ചെന്നും പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്.
അതേസമയം, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നാലുപേർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് അഡ്വക്കറ്റ് ജനറൽ മുമ്പാകെ ഹരജി നൽകി. ഇത്തരം കോടതിയലക്ഷ്യ കേസുകളിൽ അഡ്വക്കറ്റ് ജനറലിന്‍റെ മുൻകൂർ അനുമതി വേണം. കെ.പി. അരവിന്ദൻ, എം.ആർ. അതുൽകൃഷ്‌ണ, ഗോപകുമാർ മുകുന്ദൻ, നെൽവിൻ എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.