തീരമേഖല: കൂടുതൽ പഞ്ചായത്തുകൾ ഉൾപ്പെടുത്താൻ കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ ദേശീയ തീരദേശ പരിപാലന അതോറിറ്റി (നാഷനൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി) അംഗീകരിച്ചതോടെ കൂടുതൽ ഇളവിന് കേരളം. സി.ആർ.ഇസെഡ് മൂന്നിൽനിന്നും സി.ആർ.ഇസെഡ് രണ്ടിലേക്ക് മാറ്റുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശിപാർശ ചെയ്തത് 175 നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളെയായിരുന്നു. ഇതിൽ 66 പഞ്ചായത്തുകൾക്ക് അംഗീകാരം ലഭിച്ചു. ഈ പഞ്ചായത്തുകൾ സി.ആർ.ഇസെഡ് മൂന്നിൽനിന്ന് നിയന്ത്രണം കുറവുള്ള രണ്ടു വിഭാഗത്തിലേക്കാണ് മാറിയത്. കൂടുതൽ തീരദേശ പഞ്ചായത്തുകളെ സി.ആർ.ഇസെഡ് രണ്ടു വിഭാഗത്തിലേക്ക് മാറ്റാൻ കേന്ദ്രത്തിൽ സമ്മർദം തുടരാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതും കേരള തീരദേശപരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടാണ് ദേശീയ തീരദേശപരിപാലന അതോറിറ്റി കഴിഞ്ഞ ദിവസം അംഗീകരിച്ചത്. തീരദേശപരിപാലന നിയമം മൂലം നിർമാണം തടസ്സപ്പെട്ടിരുന്ന സംസ്ഥാനത്തെ തീരമേഖലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ തീരദേശ പരിപാലന പ്ലാൻ അംഗീകാരം നിരവധിപേർക്ക് ഗുണകരമാവും. വീട് നിർമാണത്തിനടക്കം നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നത് മത്സ്യത്തൊഴിലാളികളടക്കം പ്രതീക്ഷയോടെ കാണുന്നു.
സി.ആർ.ഇസെഡ് ഒന്ന് ബി വിഭാഗത്തിലെ പൊക്കാളിപ്പാടങ്ങളെ നിയന്ത്രണപരിധിയിൽനിന്ന് ഒഴിവാക്കിയതും സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകളിൽ കരുതൽ മേഖല നിയന്ത്രണ മുക്തമാക്കിയതും തീരമേഖലയുടെ ദീർഘകാലമായുള്ള ആവശ്യമാണ്. പുതിയ പ്ലാൻ സംബന്ധിച്ച വ്യവസ്ഥകൾ ഒരാഴ്ചക്കുള്ളിൽ വിജ്ഞാപനം ചെയ്യും. ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്ത് മേഖലകളിലൊഴികെ 50 മീറ്ററായിരിക്കും നിർമാണങ്ങൾക്കുള്ള നിയന്ത്രണ പരിധി. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്ക് നിലവിലെ 500 മീറ്റർ എന്ന പരിധി തുടരും.
പുതിയ പ്ലാൻ നടപ്പാക്കി തുടങ്ങുന്നതോടെ ഇപ്പോൾ പ്രാബല്യത്തിലുള്ള 2011 ലെ സി.ആർ.ഇസെഡ് വിജ്ഞാപനവും അനുബന്ധ പ്ലാനും ഇല്ലാതാവും. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻറ് പ്ലാൻ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറക്കാനും സംസ്ഥാനം ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞമാസമാണ് തീരദേശ പരിപാലന പദ്ധതിയുടെ കരട് കേരളം കേന്ദ്ര അംഗീകാരത്തിനായി നൽകിയത്.
നഗരപ്രദേശങ്ങളുടെ ഇളവുകൾ ബാധമാകുന്ന പഞ്ചായത്തുകൾ
അജാനൂർ, ചെങ്കള, മൊഗ്രാൽ പുത്തൂർ, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ(കാസർകോട് ജില്ല). അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂമാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം(കണ്ണൂർജില്ല), അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ള്യേരി (കോഴിക്കോട് ജില്ല), ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ( മലപ്പുറം ജില്ല), പാവറട്ടി (തൃശൂർ), ചെല്ലാനം, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറയ്ക്കൽ, വാരാപ്പുഴ (എറണാകുളം ജില്ല), അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്( ആലപ്പുഴ), അണ്ടൂർക്കോണം, ചെങ്കൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ( തിരുവനന്തപുരം ജില്ല) എന്നിവയാണ് നഗരപ്രദേശങ്ങളുടെ ഇളവുകൾ ബാധമാകുന്ന പഞ്ചായത്തുകൾ.
സി.ആർ.ഇസഡ് -രണ്ട്
താരതമ്യേനെ നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സി.ആർ.ഇസഡ് രണ്ട്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സി.ആർ.ഇസഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.
സി.ആർ.ഇസഡ് മൂന്ന്
ജനസാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റു വികസന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് സി.ആർ.ഇസഡ് -മൂന്ന് എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി.ആർ.ഇസഡ്- മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.
സി.ആർ.ഇസഡ് മൂന്ന്- എ: പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ വരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്. മുമ്പ് ഇത് 200 മീറ്റർ വരെ ആയിരുന്നു. എന്നാൽ, സി.ആർ.ഇസഡ് മൂന്ന് ബി യിൽ കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസനരഹിത മേഖലയായി തുടരും. ഉൾനാടൻ ജലാശയങ്ങളുടെ (സി.ആർ.ഇസഡ് മൂന്ന് വിഭാഗത്തിലെ) വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റു ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.