സെനറ്റ് യോഗത്തിലെ നാടകീയ രംഗം: കേരള സർവകലാശാല വി.സി. നിയമോപദേശം തേടും
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിലെ നാടകീയ രംഗങ്ങളിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ നിയമോപദേശം തേടും. പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ നിയമപരമാണോ എന്നാണ് വ്യക്തിപരമായ നിയമോപദേശം വഴി വി.സി. പരിശോധിക്കുക. നിയമോപദേശത്തിന് ശേഷം ചാൻസലർ കൂടിയായ ഗവർണർക്ക് വി.സി. റിപ്പോർട്ട് കൈമാറും.
വൈസ് ചാൻസലറായ തന്നെ നോക്കുകുത്തിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് മന്ത്രി ആർ. ബിന്ദു സെനറ്റ് യോഗം നിയന്ത്രിച്ചതെന്നാണ് ഡോ. മോഹൻ കുന്നുമ്മലിന്‍റെ പരാതി. മന്ത്രിയും ഇടത് അംഗങ്ങളും ചേർന്ന് ജനാധിപത്യ വിരുദ്ധമായി പ്രവർത്തിച്ചു. തന്‍റെ അഭിപ്രായങ്ങളും നിർദേശങ്ങളും പറയാൻ അവസരം ലഭിച്ചില്ല. പ്രമേയം അവതരിപ്പിച്ചതും പാസാക്കിയതും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ വി.സി. ചൂണ്ടിക്കാട്ടും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗവർണറാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.
ഇന്നലെ കേരള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ വിളിച്ച പ്രത്യേക സെനറ്റ് യോഗത്തിലാണ് ബഹളവും നാടകീയ രംഗങ്ങളും അരങ്ങേറിയത്. പ്രോ ചാൻസലർ കൂടിയായ മന്ത്രി ആർ. ബിന്ദു അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെച്ചൊല്ലി മന്ത്രിയും വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലും തമ്മിൽ വാഗ്വാദം നടന്നു.
മന്ത്രിയുടെ നടപടിയെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും ചോദ്യംചെയ്തു. സർവകലാശാല നിയമഭേദഗതി സംബന്ധിച്ച ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതും സെർച് കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സർവകലാശാല നിയമവും തമ്മിൽ വൈരുധ്യമുള്ളതും പരിഗണിച്ച് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരമായിരിക്കണം വി.സി നിയമനമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും ഇവർ ചൂണ്ടിക്കാട്ടി.
സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ അജണ്ട നിശ്ചയിച്ച് വിളിച്ച യോഗത്തിൽ മറ്റ് പ്രമേയങ്ങൾ അവതരിപ്പിക്കാനാകില്ലെന്നും അംഗത്തെ തെരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അംഗങ്ങളും ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി അനുകൂല അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ യോഗം ബഹളത്തിൽ മുങ്ങി. ഭരണപക്ഷ പ്രമേയം ഡോ. എസ്. നസീബാണ് അവതരിപ്പിച്ചത്. 64 അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസായതായും യോഗം അവസാനിച്ചതായും മന്ത്രി ബിന്ദു പ്രഖ്യാപിച്ചു.
ചാൻസലറുടെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടത് വൈസ് ചാൻസലറെന്ന നിലയിൽ താനാണെന്ന് ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു. ഭൂരിപക്ഷ അംഗങ്ങൾ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്ന പ്രമേയത്തെ പിന്തുണച്ചതോടെ നിർദേശിച്ച പേരുകൾ പരിഗണിക്കാതെ യോഗം പിരിഞ്ഞതായി മന്ത്രി അറിയിക്കുകയായിരുന്നു. പ്രത്യേക സെനറ്റ് യോഗ തീരുമാനം 10 ദിവസത്തിനകം സർവകലാശാല രജിസ്ട്രാർ ചാൻസലറായ ഗവർണറെ അറിയിക്കണം. ഇക്കാര്യത്തിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നിലപാട് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.