മുഈനലി തങ്ങൾക്കെതിരെ കേട്ടാലറയ്ക്കുന്ന തെറി; ലീഗ് ഹൗസിൽ നാടകീയ രംഗങ്ങൾ
text_fieldsകോഴിക്കോട്: പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കാൻ മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസായ ലീഗ് ഹൗസിൽ വിളിച്ച വാർത്തസമ്മേളനത്തിൽ നാടകീയരംഗങ്ങൾ. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾക്ക് നേരെ ലീഗ് പ്രവർത്തകൻ അസഭ്യവർഷം ചൊരിഞ്ഞു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ചായിരുന്നു ഇത്. തുടർന്ന് ബഹളമയമായതോടെ മുഈനലി തങ്ങളെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. ലീഗ് ഹൗസിന്റെ മുറ്റത്ത് മാധ്യമപ്രവർത്തകർ മുഈനലിയെ സമീപിച്ചെങ്കിലും ലീഗ്പ്രവർത്തകരുള്ളതിനാൽ പ്രതികരിക്കാൻ തയാറായില്ല.
പാർട്ടിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള അഡ്വ. മുഹമ്മദ് ഷായോടൊപ്പമാണ് ഹൈദരലി തങ്ങളുടെ മകൻ കൂടിയായ മുഈനലി തങ്ങൾ വാർത്തസമ്മേളനത്തിനെത്തിയത്. ചന്ദ്രിക ഫണ്ടിന് വ്യക്തമായ രേഖകളുണ്ടെന്ന് കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ഇ.ഡി അന്വേഷണം നിയമപരമായി നിലനിൽക്കുന്നതല്ല. ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുസംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2016 ആഗസ്റ്റ് മുതൽ നവംബർ വരെ നടത്തിയ സർക്കുലേഷൻ കാമ്പയിനിൽ സ്കീം വരിക്കാരായവരിൽനിന്ന് പിരിച്ചെടുത്തത് 9.95 കോടിയാണ്. പാലാരിവട്ടം അഴിമതിക്കേസിൽ ഇതിന് ബന്ധമുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഫണ്ട് വന്ന രേഖകൾ പത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണക്കുകൾ നിരത്തി മുഹമ്മദ് ഷാ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് മുഈനലി തങ്ങൾ ഇടപെട്ടത്. പാണക്കാട് കുടുംബം ശിഹാബ് തങ്ങളുടെ കാലം മുതൽതന്നെ പാർട്ടി സാമ്പത്തികകാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മുഈനലി വ്യക്തമാക്കി. ചന്ദ്രികയുടെ പണമിടപാട് നടത്തിയത് ഫിനാൻസ് ഡയറക്ടറായ മുഹമ്മദ് ഷമീറാണ്. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യേണ്ട ഫണ്ട് വിശ്വസ്തനായ ഷമീറിനെ ഏൽപിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും മുഈനലി തുറന്നടിച്ചു.
ഷമീറിെൻറ കൈയിലാണ് മുഴുവൻ രേഖകളും. ഇയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. കുറച്ചുമുമ്പ് ചന്ദ്രികക്ക് കോഴിക്കോട് വാങ്ങിയ സ്ഥലം ഒന്നിനും കൊള്ളാത്ത ചതുപ്പാണ്. കണ്ടൽക്കാടുകളുള്ള ഇവിടെ നിർമാണപ്രവർത്തനം അസാധ്യമാണ്. പിന്നെ എന്തിന് കോടികൾ മുടക്കി ഈ സ്ഥലം എടുത്തെന്നും തങ്ങൾ ചോദിച്ചു.
വാർത്തസമ്മേളനം തുടരുന്നതിനിടെ ലീഗിെൻറ നഗരത്തിലെ സജീവ പ്രവർത്തകനും സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യവുമായ റാഫി പുതിയകടവ് മുഈനലി തങ്ങൾക്കെതിരെ ഭീഷണി മുഴക്കി പാഞ്ഞടുത്തു. 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാൻ നീ ആരാണെടോ' എന്ന് ചോദിച്ച റാഫി 'പുറത്തിറങ്ങിയാൽ കാണിച്ചുതരാമെന്നും' ഭീഷണിമുഴക്കി. പിന്നീട് തെറിയഭിഷേകം നടത്തിയ ഇയാളെ ലീഗ് ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവർത്തകർ പിടിച്ചുമാറ്റുകയായിരുന്നു. മുമ്പ് ഐസ്ക്രീം കേസിൽ ഇരകളുടെ മൊഴിമാറ്റിയ സംഭവത്തിലും ഇന്ത്യവിഷൻ ആക്രമണക്കേസിലും ഉൾപ്പെട്ടയാളാണ് റാഫിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലീഗ് ജില്ല പ്രസിഡൻ്റ് ഉമ്മർപാണ്ടികശാലയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തെങ്കിലും മുഈനലി തങ്ങളുടെ വെളിപ്പെടുത്തലോടെ സംഗതി പന്തിയല്ലെന്ന് കണ്ട് പത്രസമ്മേളനം തീരും മുമ്പെ സ്ഥലം വിടുകയായിരുന്നു.
ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുഈനലി നടത്തിയത്. ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രിക
ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി ആരോപിച്ചു.
പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മുഈൻ അലി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ മുമ്പും മുഈനലി പരസ്യമായി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതിനെതിരെ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.
ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പത്രത്തിന്റെ ചെയർമാനും എംഡിയുമായ പാണക്കാട് തങ്ങൾക്ക് ഇഡി കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ആരോപണങ്ങളുമായി മുഈനലി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.