വരൾച്ചക്ക് 992 കോടി ചോദിച്ചു; ഒാഖി കഴിഞ്ഞപ്പോൾ 125 കോടി
text_fieldsന്യൂഡൽഹി: വരൾച്ചക്കെടുതി നേരിട്ട ഘട്ടത്തിൽ 992 കോടി രൂപയുടെ കേന്ദ്രസഹായം ചോദിച്ച കേരളത്തിന് ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം 125 കോടി. ചോദിച്ചതിെൻറ എട്ടിലൊന്ന്. കൊടിയ വരൾച്ചയാണ് കഴിഞ്ഞതവണ കേരളം നേരിട്ടത്. വരൾച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. കൃഷി ജോ. സെക്രട്ടറി അശ്വിനി കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം വിവിധ ജില്ലകൾ സന്ദർശിച്ച് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സഹായം നിശ്ചയിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ നൽകിയ നിവേദനത്തിൽ ദേശീയ ദുരന്ത സഹായ നിധിയിൽനിന്ന് 992 കോടി രൂപയാണ് കേരളം ചോദിച്ചിരുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മുതിർന്ന മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രാധാ മോഹൻസിങ്, ആഭ്യന്തര സെക്രട്ടറി രാജീവ ഗൗബ തുടങ്ങിയവർ പെങ്കടുത്ത യോഗമാണ് 125.47 കോടി രൂപയുടെ സഹായം നിശ്ചയിച്ചത്്. ദേശീയ വരൾച്ച ദുരിതാശ്വാസ നിധിയിൽനിന്ന് 112.05 കോടിയും ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിപ്രകാരം ബാക്കി തുകയുമാണ് അനുവദിച്ചത്.
ചുഴലിക്കാറ്റിെൻറ കെടുതിക്ക് നഷ്ടപരിഹാരം കേരളം തേടുന്ന ഘട്ടത്തിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരൾച്ചക്കെടുതിക്ക് നഷ്ടപരിഹാരം മാസങ്ങൾക്കുശേഷം കിട്ടുന്നത്. ഒാഖി ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച നാശത്തിന് കേരളം 1843 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നിർണയിക്കാൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കാനിരിക്കുകയാണ് കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.