ദ്രൗപദി മുര്‍മുവിന്‍റെ സ്ഥാനാരോഹണം: ഓർമ പങ്കുവെച്ച് മുൻ പ്രൈവറ്റ് സെക്രട്ടറി
text_fieldsചാരുംമൂട് (ആലപ്പുഴ): രാജ്യത്തിന്‍റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കുമ്പോൾ മധുരിക്കുന്ന ഓർമകളുമായി മുൻ പ്രൈവറ്റ് സെക്രട്ടറി ദേവകിയമ്മ. നൂറനാട് ഇടപ്പോൺ ആറ്റുവ ലക്ഷ്മിഭവനത്തിൽ (തെക്കേ പുലിപ്രയിൽ) എൻ. ദേവകിയമ്മയാണ് (70) തറവാട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ ഓർമകൾ പങ്കുവെച്ചത്.
ബിഹാറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന ദേവകിയമ്മ, 2000 നവംബർ 15ന് ഝാർഖണ്ഡ് സംസ്ഥാനത്തിന്‍റെ രൂപവത്കരണത്തോടെ ഡെപ്യൂട്ടേഷനിലാണ് റാഞ്ചിയിലെ രാജ്ഭവനിലെത്തുന്നത്. രാജ്ഭവനിലെ ഉദ്യോഗം തുടരുന്നതിനിടെ ഝാർഖണ്ഡിലെ ആദ്യവനിത ഗവർണറായി ദ്രൗപദി മുർമു എത്തി. ഇതോടെയാണ് മുർമുവുമായി സൗഹൃദത്തിലായത്.
2011ൽ സർവിസിൽനിന്ന് വിരമിച്ച ദേവകിയമ്മക്ക് തുടർന്നുള്ള ഓരോ വർഷവും സർവിസ് നീട്ടി നൽകി. കുടുംബപരമായ കാരണങ്ങളാൽ 2020 ഡിസംബർ മൂന്നിന് രാജ്ഭവനിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്കുവന്നു. ഝാർഖണ്ഡിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സോമൻ പിള്ളയും ഒപ്പം മടങ്ങി.
ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിയാകാൻ ഭാഗ്യം കിട്ടിയത് അഭിമാനകരമാണ്. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് അതിന് ശാശ്വത പരിഹാരം കാണുന്നതിൽ ദ്രൗപദി മുർമു ശ്രദ്ധാലുവാണെന്ന് ദേവകിയമ്മ പറയുന്നു. പ്രൈവറ്റ് സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ആ ആത്മബന്ധം തുടർന്നുണ്ട്. ഇടക്ക് ഫോൺ മുഖേന സംസാരിക്കും.
നൂറനാട്ടെ തറവാട്ടുവീട്ടിൽ ദേവകിയമ്മയും ഭർത്താവ് സോമൻ പിള്ളയും മാത്രമാണുള്ളത്. മക്കളായ അഭിലാഷ് കുമാർ മുംബൈയിലും ആദർശ് കുമാർ ബംഗളൂരുവിലും ജോലിചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.