ദ്രൗപതിക്ക് കേരളത്തിൽനിന്ന് ലഭിച്ച വോട്ട് ആകസ്മികമല്ല, ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറുന്നതിന്റെ സൂചന -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ലഭിച്ച വോട്ട് ആകസ്മികമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വോട്ട് തേടി സംസ്ഥാനത്തെ എല്ലാ എംപിമാർക്കും എം.എൽ.എമാർക്കും ബി.ജെ.പി കത്തയച്ചിരുന്നു. സാമൂഹ്യനീതിക്ക് വേണ്ടിയാണ് ദ്രൗപതി മുർമുവിന് വേണ്ടി കത്തയച്ചത് -തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ എല്ലാ സംസ്ഥാനത്ത് നിന്നും ദ്രൗപതി മുർമുവിന് വോട്ട് കിട്ടി. ദേശീയ താത്പര്യത്തിനൊപ്പം നിൽക്കുന്നവർ കേരളത്തിലുമുണ്ടെന്ന് മനസിലായി. കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധികം സമയം വേണ്ടിവരില്ലെന്നതിന്റെ സൂചനയാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
'കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനം'
സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ല. വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീൽ ലംഘിച്ചത്. രാജിവെച്ചില്ലെങ്കിൽ നിയമസഭാഗംത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം -സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണ്ണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് ജലീൽ. സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം ഒരു മുഖംമൂടി മാത്രമാണെന്നും അതുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ ഇഡി അന്വേഷണം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുകൊണ്ടാണ് കേസ് ബാംഗ്ലൂരിലേക്ക് മാറ്റാൻ ഇഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇഡി അന്വേഷിക്കണ്ട കാര്യമില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണ്. ഇവർ രണ്ട് പേരും ഒത്തുതീർപ്പ്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്. തന്നെ സഹായിച്ചതിനാൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുകയാണ്. കെ.സുധാകരനും ഇതേ നിലപാടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സ്വർണ്ണക്കടത്തിൽ ഇഡി അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് കോൺഗ്രസുകാർ. അപ്പോൾ പ്രതിപക്ഷ നേതാവ് സിബിഐയാണ് അന്വേഷിക്കേണ്ടത് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുമ്പോഴാണ് അവരെ സഹായിക്കാൻ സതീശൻ വരുന്നത്. സതീശൻ പിണറായി വിജയൻ സർക്കാരിന് ഒരു കൈത്താങ്ങാവുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പരിഹസിച്ചു.
പിണറായി മന്ത്രിസഭയിലെ മന്ത്രി ആന്റണി രാജു കോടതിയിൽ നിന്നും തൊണ്ടി മുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച് ലഹരി കടത്തിയ വിദേശ പൗരനെ രക്ഷിച്ചെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത് -സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.