നിറങ്ങളിൽ നിറഞ്ഞ് ഒരായിരം ഭാവനകൾ
text_fieldsകോഴിക്കോട്: നഗരത്തിെൻറ സ്വന്തം ചിത്രരചന മത്സരത്തിന് ഇത്തവണയും അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയത് ആയിരക്കണക്കിന് കുട്ടികൾ. യൂനിവേഴ്സൽ ആർട്സ് സംഘടിപ്പിച്ച അഖിലേന്ത്യ ബാലചിത്രരചന മത്സരത്തിലാണ് ഭാവിപ്രതിഭകൾ കണ്ടംകുളം ജൂബിലി ഹാളിൽ ഇരുനിലകളിലും ഒഴുകിയെത്തിയത്. വിഷയങ്ങൾ നൽകാതെയുള്ള മത്സരത്തിൽ സമകാലിക പ്രശ്നങ്ങളും പ്രകൃതിദൃശ്യങ്ങളും മൃഗങ്ങളും കിളികളെയുമെല്ലാം കുട്ടികൾ വരച്ചു.
മൂന്നു മുതൽ 18 വയസ്സു വരെയുള്ള കുട്ടികളാണ് 16 ഗ്രൂപ്പുകളായി മത്സരിച്ചത്. വരക്കാൻ കടലാസും ചായവും നൽകി. ശീതളപാനീയവും മധുരവുമൊക്കെ നൽകിയായിരുന്നു സംഘാടകർ വരവേറ്റത്. കഴിഞ്ഞ കൊല്ലത്തെ വിജയികളായ പി. പ്രണവ്, എസ്. ആദിത്യ നമ്പ്യാർ, ടി.വി. സയന എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മത്സര സമിതി ചെയര്മാന് പോള്‍ കല്ലാനോട് അധ്യക്ഷത വഹിച്ചു.
ആര്‍ട്ടിസ്റ്റ് മദനൻ, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, വിജയരാഘവന് പനങ്ങാട്, വി.പി. ശ്രീധരൻ, ഹേമപാലന്‍, കെ.എ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഏറ്റവും മികച്ച ചിത്രത്തിന് കെ.പി. ആൻറണി മാസ്റ്റര്‍ സ്മാരക സ്വര്‍ണമെഡലും മികച്ച ബാലചിത്രകാരൻ, ചിത്രകാരി എന്നിവർക്ക് സ്വര്‍ണമെഡലും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന് ജി.എൻ. പിള്ള സ്മാരക സ്വര്‍ണമെഡലുമാണ് നൽകുക. കൂടുതല്‍ പോയൻറ് കിട്ടുന്ന സ്കൂളിന് സുദര്ശന് എവര്‍റോളിങ് ട്രോഫിയും കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് മൂലേപ്പാട്ട് ചേറുക്കുട്ടി മെമ്മോറിയല്‍ എവർ റോളിങ് ട്രോഫിയും ലഭിക്കും.
വിജയികളെ പിന്നീട് പ്രഖ്യാപിക്കും. യൂനിവേഴ്സൽ ആർട്സ് സ്ഥാപകൻ കെ.പി. ആൻറണി മാസ്റ്റർ ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഓൺ ദ സ്പോട്ട് മത്സരമാണിത്. ടൗൺഹാളിൽ 200 വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ തുടങ്ങിയ മത്സരം കുട്ടികളുടെ എണ്ണം കൂടിയതോടെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റി. അവിടെ സ്പോർട്സ് മാത്രമാക്കിയതിനാൽ പിന്നീട് കണ്ടംകുളം ഹാളിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.