സാറേ... ഞങ്ങളെയും ഒന്ന് പ്രോത്സാഹിപ്പിക്കണേ...
text_fields‘അടഞ്ഞ മുറിക്കുള്ളിൽ അന്നേരം പറയുന്ന വിഷയമാ കാൻവാസിൽ പകർത്തുന്നത്. വര കഴിഞ്ഞാൽ ചിത്രങ്ങൾ കാണാൻ ഞങ്ങൾക്കുപോലും അവസരമില്ല... ഇൗ ചിത്രങ്ങളുടെ ഒരു പ്രദർശനമെങ്കിലും നടത്താനാകുമോ...?’’ പെൻസിൽ ചിത്രരചനക്കെത്തിയ ബെയ്സ് മാത്യുവിെൻറയും കെ.ജി. അനിരുദ്ധിെൻറയും ചോദ്യത്തിന് മറുപടി പറയേണ്ടത് അധികൃതരാണ്. സ്റ്റേജ് ഇതര ഇനങ്ങളോട് വർഷങ്ങളായി തുടരുന്ന അവഗണനയാണ് അധ്യാപകരും രക്ഷിതാക്കളും പങ്കുവെച്ചത്. ചിത്രരചനപോലെ പ്രതിഭ മാറ്റുരക്കുന്ന മത്സരങ്ങൾ അടച്ചിട്ട മുറിയിൽ മാത്രം ഒതുങ്ങിയാൽ മതിയോ എന്ന വലിയ ചോദ്യമാണ് ‘മാധ്യമ’വും കലാസ്വാദകരുടെ മുന്നിൽവെക്കുന്നത്.
കലോത്സവത്തിെൻറ ആദ്യദിനത്തിൽ പെൻസിൽ രചന, കൊളാഷ്, കാർട്ടൂൺ എന്നിവ വേദി 20 ‘നീലത്താമര’യിലാണ് (ഫൈൻ ആർട്സ് കോളജ്) നടന്നത്. എല്ലാ വർഷത്തെയുംപോലെ വിദ്യാർഥികൾ മുറിക്കുള്ളിൽ. അധ്യാപകരും രക്ഷിതാക്കളും പുറത്തും. രണ്ടുമണിക്കൂർ നീളുന്ന രചന കഴിഞ്ഞ് വിദ്യാർഥികൾ വിഷയം എന്താണെന്ന് പങ്കുവെച്ച് മടങ്ങും. വിധികർത്താക്കൾ വിദ്യാർഥികളുടെ ഗ്രേഡ് മാത്രം പുറത്തുവിടും. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാറില്ല. ഓരോരുത്തരും വരച്ച ചിത്രങ്ങൾ കണ്ട് വിലയിരുത്താൻ മത്സരാർഥികൾക്കുപോലും അവസരമില്ല. മാന്വൽ പരിഷ്കരണത്തിലൂടെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും സ്റ്റേജ് ഇനങ്ങൾക്ക് മാത്രമാണ് സംഘാടകരും പ്രാധാന്യം നൽകിയത്.
കലോത്സവത്തിലെ എല്ലാ ഇനങ്ങൾക്കും തുല്യപ്രാധാന്യം നൽകണമെന്ന് ചിത്രകല അധ്യാപകരും രക്ഷിതാക്കളും പറയുന്നു. മത്സരശേഷം ചിത്രരചന, കൊളാഷ്, കാർട്ടൂൺ എന്നിവക്ക് പ്രദർശനം ഒരുക്കണമെന്നാണ് വിദ്യാർഥികളുടെ ആഗ്രഹം. ചിത്രകലയെ സ്നേഹിക്കുന്നവർക്ക് കലോത്സവ വേദികൾ വേദനയാണ് തരുന്നതെന്ന് മാനന്തവാടി വരദ ചിത്രകല വിദ്യാലയം നടത്തുന്ന സിൽവസ്റ്റർ പറഞ്ഞു. വർഷങ്ങളായി ശപിക്കപ്പെട്ട ഇനം പോലെയാണ് നടത്തുന്നത്. ജനകീയമാക്കാൻ ശ്രമങ്ങളില്ല. എല്ലാവർക്കും കാണുന്ന വിധത്തിൽ മത്സരങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സമാന അഭിപ്രായമാണ് മറ്റു അധ്യാപകരും രക്ഷിതാക്കളും പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.