ഒടുവിൽ സഫലമാവുന്നു ആ ഹജ്ജ് സ്വപ്നം
text_fieldsകോഴിക്കോട്: ഹജ്ജിന് പോകാനായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും സഹജീവികളുടെ വിശപ്പകറ്റാൻ ചെലവഴിച്ച മനുഷ്യസ്നേഹി ഒടുവിൽ വിശുദ്ധഭൂമിയിലേക്ക് ദൈവത്തിന്റെ അതിഥിയായി പുറപ്പെടാനൊരുങ്ങുന്നു. ഓർമയില്ലേ, കോവിഡ് ലോക്ഡൗണിൽ ദുരിതപ്പെട്ട മനുഷ്യർക്ക് ഭക്ഷണ സാമഗ്രികൾ നൽകാനായി ഹജ്ജ് സമ്പാദ്യം ചെലവഴിച്ച കർണാടക ഗൂഡനബലിയിലെ കൂലിവേലക്കാരൻ അബ്ദുറഹ്മാനെ? അന്ന് സാധ്യമാവാതെ പോയ ഹജ്ജെന്ന സ്വപ്നം ഇക്കുറി സാക്ഷാത്കൃതമാവുകയാണ്. അതിന് മലയാളക്കരയുടെ ഹൃദയം നിറഞ്ഞ പിന്തുണയും പ്രാർഥനയുമുണ്ട്. ഹജ്ജിനായി സ്വരുക്കൂട്ടിയ പണം ജനങ്ങൾക്കായി ചെലവിട്ട അബ്ദുറഹ്മാന്റെ കഥ ‘മാധ്യമം’ വഴിയാണ് മലയാളികൾ അറിയുന്നത്.
തുടർന്ന് പലരും സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നെങ്കിലും ആദ്യഘട്ടത്തിൽ അബ്ദുറഹ്മാൻ അതെല്ലാം നിരസിക്കുകയായിരുന്നു. പിന്നീട് ഒരു പ്രവാസി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖേന വിളിച്ചു സംസാരിച്ചതോടെ തീരുമാനം മാറ്റി. അബ്ദുറഹ്മാനുള്ള പണം തങ്ങൾ നൽകാമെന്നറിയിച്ചപ്പോൾ ഭാര്യ സുബൈദക്ക് ഹജ്ജിന് പുറപ്പെടാനുള്ള തുക ബ്രിട്ടനിലെ വ്യവസായി ബിലാൽ ചൗള സമ്മാനിച്ചു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾമൂലം ആ വർഷം തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നതിനാൽ യാത്ര നടന്നില്ല. ഹജ്ജ് സാധാരണ നിലയിലായ ശേഷം കഴിഞ്ഞ രണ്ടു തവണ ഹജ്ജ് കമ്മിറ്റിയിൽ അപേക്ഷ നൽകിയെങ്കിലും നറുക്കെടുപ്പിൽ പേര് വന്നില്ല.
ഇക്കുറി ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട വിവരമറിയിച്ചതോടെ ഹജ്ജ് യാത്രക്കുള്ള തുക മുനവ്വറലി തങ്ങൾ ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കുകയായിരുന്നു. അബ്ദുറഹ്മാനും കാഴ്ചപരിമിതിയുള്ള സുബൈദക്കും കൂട്ടായി മകൾ ഭാനുവും വിശുദ്ധഭൂമിയിലേക്ക് പോകുന്നുണ്ട്. യാത്രാ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഏവർക്കും നന്ദി അറിയിക്കാൻ അബ്ദുറഹ്മാൻ അടുത്ത ദിവസം പാണക്കാട്ടെത്തുമെന്ന് മകൻ ഇല്യാസ് ഗൂഡനബലി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.