കാച്ചിയും തട്ടവും കടന്നുപോയി, ജീന്‍സും ടോപ്പും പറന്നുവന്നു
text_fieldsകോഴിക്കോട്: കാച്ചിയും മുണ്ടും സില്‍ക്ക് കുപ്പായവും പര്‍ദ പോലും മാറ്റിവെച്ച് ജീന്‍സും ഷര്‍ട്ടുമിട്ട് തട്ടത്തിന്‍മറയത്തുനിന്ന് മാറാത്ത പെണ്‍കുട്ടികളെയാണ് 60 പിന്നിട്ട കേരളത്തിന്‍െറ മുസ്ലിം വനിതകളുടെ വസ്ത്രധാരണം അടയാളപ്പെടുത്തുന്നത്. മുണ്ടും സില്‍ക്ക് കുപ്പായവും (ജംബര്‍) കാച്ചിത്തട്ടവുമായിരുന്നു ആറു പതിറ്റാണ്ടുമുമ്പ് മലബാറിലെ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം.
പുറത്തേക്കിറങ്ങുന്ന നേരങ്ങളില്‍ ‘സാറാന്‍ പുതപ്പെന്ന്’ പേരുള്ള വലിയ തട്ടമെടുത്ത് വസ്ത്രത്തിനുമുകളില്‍ പുതച്ചു പുറപ്പെട്ടുപോയ കാലത്തെ ഓര്‍ക്കുന്നു കുറ്റിച്ചിറ തങ്ങള്‍സ് റോഡിലെ വലിയകത്ത് തറവാട്ടിലെ 80കാരി കല്‍മേയിത്തയും 83കാരിയായ ഇടിയങ്ങര വലിയ കാമന്‍റകത്ത് കുഞ്ഞീബിയും. കാതു നിറയെ ചിറ്റും അലിക്കത്തും, കഴുത്ത് മറഞ്ഞുകിടക്കുന്ന കാറക്കല്ളെന്ന നെക്ലേസും, അരയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത അരഞ്ഞാണവുമാണ് ആഭരണം. കൗമാരക്കാരികള്‍ക്കും യുവതികള്‍ക്കുമെല്ലാം പാവാടയും ബ്ളൗസും (ജംബര്‍) തട്ടവുമായിരുന്നു നിത്യവേഷം. സ്കൂളില്‍ പോകുമ്പോഴും, വീട്ടിലായാലും ഇതുതന്നെ വേഷം. സല്‍വാര്‍-കമീസ്, പൈജാമ എന്നീ പേരുകളില്‍ ചുരിദാര്‍ അക്കാലത്തുമുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല.
90കളില്‍ സാരിയും ചുരിദാറും പെണ്‍ഹൃദയങ്ങളെ കീഴടക്കി. അവിവാഹിതരായ പെണ്‍കുട്ടികള്‍ സല്‍വാര്‍ കമീസിലേക്കും, വിവാഹിതര്‍ സാരിയിലേക്കും കൂടുമാറിയ കാലം. അന്നും ഫാഷന്‍ വസ്ത്രങ്ങളുണ്ടായിരുന്നു. അതൊക്കെ വേഷം മാറിമറിഞ്ഞാണ് ഇന്നത്തെ പേരുകേട്ട ഫാഷന്‍ വസ്ത്രങ്ങളായതെന്ന് പ്രായമായവര്‍ ഓര്‍മിപ്പിക്കുന്നു. പലാസോ, പാട്യാല, അംബ്രല്ല സ്കര്‍ട്ട് തുടങ്ങിയ വേഷങ്ങളില്‍ അവര്‍ പണ്ടത്തെ ബെല്‍ബോട്ടം പാന്‍സിന്‍െറ അഴകളവുകള്‍ പരതുന്നു.
വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞപ്പോള്‍ ഗള്‍ഫിന്‍െറ കാറ്റേറ്റ മലബാറില്‍ പര്‍ദയുടെ സീല്‍ക്കാരങ്ങളുണര്‍ന്നു. ആദ്യകാലങ്ങളില്‍ ശരീരം പൂര്‍ണമായും മറയ്ക്കുന്ന സൗകര്യപ്രദമായ വസ്ത്രം എന്ന പെരുമയായിരുന്നു പര്‍ദക്ക്. മുതിര്‍ന്ന സ്ത്രീകളായിരുന്നു ആദ്യകാലത്ത് പര്‍ദ അണിഞ്ഞിരുന്നത്. പിന്നീട് രൂപവും ഭാവവും വര്‍ണവും ഫാഷനും മാറി പര്‍ദ വലിയ സംഭവമായി. 17കാരിയെ വരെ ആകര്‍ഷിക്കുംവിധം പര്‍ദ പ്രചാരം നേടി.
പക്ഷേ, ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ‘ഒൗദ്യോഗികവേഷം’ ഇന്നും സാരിതന്നെ. മുണ്ടും കുപ്പായവും കാച്ചിത്തട്ടവും വിടാത്ത പ്രായമായവരെ ഇന്നും മലബാറിന്‍െറ പെണ്‍ജീവിതത്തില്‍ സുലഭമായി കാണാം.
പെണ്‍കൂട്ടങ്ങള്‍ വിദ്യാഭ്യാസത്തിലേക്ക് സധൈര്യം കടന്നുവന്നതോടെ വസ്ത്രധാരണത്തിലും വിപ്ളവമുണ്ടായി. പാശ്ചാത്യവേഷങ്ങളായ ജീന്‍സും, ലെഗിന്‍സും ഷര്‍ട്ടും, ഇറക്കം കുറഞ്ഞ ടോപ്പുമെല്ലാം കൗമാരക്കാരികളുടെ ഇഷ്ടവേഷമായി. മിക്സ് ആന്‍ഡ് മാച്ച് കുര്‍ത്തയും ട്രെന്‍ഡ്സെറ്ററായി മാറി. അപ്പോഴും തട്ടത്തില്‍നിന്ന് അവര്‍ പിടിവിട്ടില്ല. പകരം ഡിസൈനും നിറവും മാറിമറിഞ്ഞ മോഡേണ്‍ തട്ടങ്ങളില്‍ അവര്‍ തിളങ്ങി.
ആഭരണം ധരിക്കുന്നതിലാണ് ഏറ്റവും വലിയ വിപ്ളവം നടന്നത്. പൊന്നണിഞ്ഞ് ചമഞ്ഞു നടന്നിരുന്നവരുടെ പിന്മുറക്കാര്‍ ആ ഭ്രമം വെടിഞ്ഞ് ഫാഷന്‍ ആഭരണങ്ങളുടെ പിന്നാലെയാണിപ്പോള്‍. വിവാഹവേളയില്‍ പൊന്നില്‍ കുളിച്ചവര്‍ പോലും അടുത്തദിവസംതന്നെ എല്ലാം അഴിച്ചുമാറ്റി ഫാഷന്‍ ആഭരണങ്ങള്‍ എടുത്തണിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.