പ്രതീക്ഷ തകർന്ന് വസ്ത്ര വ്യാപാരികൾ
text_fieldsപഴയങ്ങാടി: കോവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് ലോക്ഡൗണിന് സമാനമായ നടപടികൾ ആരംഭിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായത് വസ്ത്ര വ്യാപാരികൾ.
ചെറുതും വലുതുമായ ടെക്സ്റ്റൈൽസുകൾ, റെഡിമെയ്ഡ് കടകൾ എന്നിവയെയാണ് കടയടപ്പ് പ്രതികൂലമായി ബാധിച്ചത്. ഒരു വർഷമായി നഷ്ടക്കണക്കുകൾ മാത്രം കുറിച്ചിട്ട സ്ഥാപനങ്ങൾ ജനജീവിതം ഏതാണ്ട് സാധാരണമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ പെരുന്നാൾ വിൽപന ലക്ഷ്യമിട്ട് വലിയ ഓർഡറുകളാണ് നൽകിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ സീസണുകളിലെ രണ്ട് പെരുന്നാളുകൾ, ഓണം, വിഷു, ക്രിസ്മസ് കച്ചവടം വസ്ത്രവ്യാപാര മേഖലക്ക് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം വിദ്യാലയങ്ങൾ തുറക്കാതിരുന്നതോടെ യൂനിഫോം അടക്കമുള്ള വസ്ത്രങ്ങളുടെ കച്ചവടം മുടങ്ങിയതും വൻ നഷ്ടമാണ് ഉണ്ടാക്കിയത്.
ഭീമമായ നഷ്ടത്തിലും സാമ്പത്തിക പ്രതി സന്ധിയിലും കഷ്ടതയനുഭവിച്ച വ്യാപാരികൾ ഇനിയൊരു ലോക് ഡൗണുണ്ടാവില്ലെന്ന നിഗമനത്തിലാണ് പെരുന്നാളിന് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും കൂടുതൽ ഓർഡറുകൾ നൽകുകയും ചെയ്തത്.കഴിഞ്ഞ വർഷവും ലോക്ഡൗൺ പ്രഖ്യാപനത്തിൽ ആദ്യം താഴുവീണത് വസ്ത്ര കടകൾക്കും ചെരിപ്പ് കടകൾക്കുമാണ്. വസ്ത്രവ്യാപാര രംഗത്തെ സമാന പ്രതിസന്ധിയാണ് ചെരിപ്പ് കടകൾക്കും.
മേയ് ഒമ്പതിനുശേഷം തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടായാൽ തന്നെ നിർദേശിക്കപ്പെടുന്ന നിർണിത സമയവും മറ്റു ചട്ടങ്ങളും അതിജീവിച്ച് പെരുന്നാളിന് മുമ്പുള്ള നാല് ദിവസത്തെ വ്യാപാരമാണ് നടക്കുക.
ഒമ്പതിനുശേഷം ലോക്ഡൗണിന് സമാനമായ അടച്ചുപൂട്ടൽ തുടരേണ്ടിവന്നാൽ ചിത്രം കൂടുതൽ ദയനീയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.