വനിത ജുഡീഷ്യൽ ഓഫിസർമാരുടെ വസ്ത്രം കാലാനുസൃതമായി പരിഷ്കരിക്കും -ഹൈകോടതി ചീഫ് ജസ്റ്റിസ്
text_fieldsകൊച്ചി: കോടതിയില്‍ വനിത ജുഡീഷ്യല്‍ ഓഫിസര്‍ ധരിക്കുന്ന വസ്ത്രം കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി ഹൈകോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി പറഞ്ഞു.
കേരളത്തിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍ 48 ശതമാനത്തോളം വനിതകളാണെന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്. കീഴക്കോടതികളാണ് നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണ്‍. കേരളത്തിലെ കീഴ്‌ക്കോടതികള്‍ നീതിനിര്‍വഹണത്തില്‍ രാജ്യത്തുതന്നെ മുന്നില്‍ നില്‍ക്കുന്നതാണ് അദ്ദേഹം പറഞ്ഞു. കേരള ജുഡീഷ്യല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് എന്‍. ശേഷാദ്രിനാഥന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി എം.ജി. രാകേഷ്, ജുഡീഷ്യല്‍ ഓഫിസേഴ്‌സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് സി.കെ. ബൈജു എന്നിവർ സംസാരിച്ചു.
മുതിര്‍ന്ന ജഡ്ജിമാരെയും മികവ് പ്രകടിപ്പിച്ച ജഡ്ജിമാരെയും ആദരിച്ചു. കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജഡ്ജിമാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.