'ഇളവ്' തീർന്നു; ഇനി മദ്യപിച്ച് വാഹനമോടിച്ചാൽ കുടുങ്ങും, ആദ്യദിനം പിടിവീണത് 176 പേർക്ക്
text_fieldsകൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കോവിഡ് കാരണം ലഭിച്ചുകൊണ്ടിരുന്ന 'ഇളവ്' അവസാനിച്ചു. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവെച്ചിരുന്നത് പൂർണതോതിൽ പൊലീസ് പുനരാരംഭിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ശനിയാഴ്ച രാത്രി ജില്ലയിലുടനീളം പരിശോധന ആരംഭിച്ചു.
ആദ്യദിനത്തിൽ തന്നെ സിറ്റി, റൂറൽ പരിധികളിലായി കുടുങ്ങിയത് 176 പേരാണ്. ശനിയാഴ്ച രാത്രി 10 മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശന പരിശോധനയുമായി റോഡിലിറങ്ങിയത്. സിറ്റി പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 98 പേരെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ പരിധിയിൽ 78 കേസുകളാണ് എടുത്തത്. പുലർച്ച മൂന്നുവരെ റോഡുകളിൽ പൊലീസ് പരിശോധന നീണ്ടു.
കൊല്ലം നഗരത്തിനുള്ളിൽതന്നെ ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം പരിശോധന ശക്തമായിരുന്നു. വരുംദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സ്പെഷൽ ഡ്രൈവിൽ കുടുങ്ങി ക്രിമിനലുകൾ
കൊല്ലം: സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനലുകൾ പിടിയിലായി. പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച മൂന്നുപേർ വീതം പള്ളിത്തോട്ടം, ചവറ പൊലീസ് സ്റ്റേഷനുകളിലും രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലും ഒരാൾ വീതം കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ, ചവറ തെക്കുംഭാഗം എന്നീ പൊലീസ് സ്റ്റേഷനുകളിലുമായി 12 പേരെ പിടികൂടി.
ഗുരുതര കേസുകളിൽ ഉൾപ്പെട്ട് മുങ്ങി നടന്ന മൂന്നുപേരെ ഓച്ചിറയിൽനിന്നും, രണ്ടു പേരെ ചവറയിൽനിന്നും, ഒരാളെ ശകതികുളങ്ങരയിൽനിന്നും അറസ്റ്റ് ചെയ്തു. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ചതിന് 13 കേസുകളും, എൻ.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസുകളും, അബ്കാരി ആക്ട് പ്രകാരം 40 കേസുകളും രജിസ്റ്റർ ചെയ്യ്തു.
ജാമ്യമില്ലാ വാറന്‍റ് പ്രകാരം 48 പേരെയും, മുൻകരുതലായി 52 പേരെയും വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തു. 37 ഗുണ്ടകളേയും 96 റൗഡികളേയും താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു. കർശന പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു.
കൊല്ലം റൂറൽ ജില്ലയിലെ സ്പെഷൽ ഡ്രൈവിൽ 142 കേസുകൾ രജിസ്റ്റർ ചെയ്തു. 63 പേരെ കരുതൽ തടവിലാക്കി. വിവിധ സ്റ്റേഷനുകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് 30 കേസുകളും പണം വെച്ചു ചീട്ടുകളിച്ചതിനു രണ്ട് കേസുകളും അബ്കാരി വകുപ്പ് പ്രകാരം 32 കേസുകളും രജിസ്റ്റർ ചെയ്തു. തുടർന്നും ഇത്തരത്തിലുള്ള ശക്തമായ റെയ്ഡുകൾ നടത്തുമെന്ന് റൂറൽ പൊലീസ് മേധാവി കെ.ബി. രവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.