ഇനി കുടിവെള്ളവും സ്വകാര്യം
text_fieldsതിരുവനന്തപുരം: എ.ഡി.ബി വായ്പയുടെ മറവിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ളവിതരണ സംവിധാനം പൂർണമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നു. 10 വർഷത്തേക്ക് ഉൽപാദനവും വിതരണവുമടക്കം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതാണ് പദ്ധതി. 2017ൽ തുടങ്ങിയ ശ്രമങ്ങൾ ജീവനക്കാരടക്കം നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിനെ തുടർന്ന് ചവിട്ടിപ്പിടിച്ചെങ്കിലും പുതിയ ഭാവത്തിലാണ് അനുമതിനീക്കം.
വിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കലും പമ്പിങ് സ്റ്റേഷൻ നവീകരണവുമാണ് 2000 കോടിയുടെ പദ്ധതിയിലുള്ളത്. എന്നാൽ വായ്പ ലഭിക്കാൻ 10 വർഷത്തേക്ക് ചുമതല പൂർണമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. അഞ്ചുവർഷം നവീകരണ പ്രവൃത്തികളും അടുത്ത അഞ്ചുവർഷത്തേക്ക് നിർവഹണ ചുമതലയുമാണ് കൈമാറേണ്ടത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് സി.എം.ഡി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഫലത്തിൽ 10 വർഷം രണ്ടുപദ്ധതികളിലും ജലഅതോറിറ്റിയുടെ നിയന്ത്രണം നഷ്ടപ്പെടും. നിരക്ക് നിശ്ചയിക്കലും വെള്ളക്കരം പിരിക്കലുമടക്കം അധികാരങ്ങൾ കരാർ കമ്പനിക്ക് കിട്ടുംവിധത്തിലുള്ള നിർദേശങ്ങൾ വായ്പവ്യവസ്ഥകളിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞയാഴ്ച സംഘടന ഭാരവാഹികൾ സി.എം.ഡിയെ സന്ദർശിച്ചപ്പോൾ വെള്ളക്കരം പിരിക്കലടക്കം റവന്യൂവിഭാഗത്തെ സ്വകാര്യ ഏജൻസികൾക്ക് കൈമാറില്ലെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ വായ്പ കരാറായതിനാൽ റവന്യൂവിഭാഗം ഒഴിവാക്കിയുള്ള കരാറിന് മറുഭാഗം തയാറാകുമോയെന്ന് കണ്ടറിയണം. 2000 കോടിയിൽ 1400 കോടി കൊച്ചിയിലും 600 കോടി തിരുവനന്തപുരത്തുമാണ് ചെലവഴിക്കുക.
അതോറിറ്റിക്ക് കീഴിൽ താരതമ്യേന നന്നായി പ്രവർത്തിക്കുന്ന വിതരണ ശൃംഖലകളാണ് തിരുവനന്തപുരെത്തയും എറണാകുളെത്തയും. 24 മണിക്കൂറും ജലലഭ്യതയാണ് പദ്ധതിയുടെ മുഖമുദ്രയായി ജലവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും 24 മണിക്കൂറും കുടിവെള്ള ലഭ്യത നിലവിലുണ്ട്. തലസ്ഥാനത്ത് വിതരണക്കുഴലുകളിൽ നല്ലൊരു ശതമാനവും മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്.
വായ്പയെടുത്ത് 2000 കോടി ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു ലിറ്റർവെള്ളം പോലും പുതുതായി ഉൽപാദിപ്പിക്കുന്നില്ല. 10 വർഷത്തിന് ശേഷം രണ്ട് പദ്ധതികളും തിരിച്ചേൽപ്പിക്കുമെങ്കിലും പുതിയ സംവിധാനങ്ങളായതിനാൽ തുടർന്ന് അതോറിറ്റിക്ക് പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്നതിലും അവ്യക്തതയുണ്ട്. അങ്ങനെയായാൽ വീണ്ടും സ്വകാര്യ കരാറിനാകും വഴിതുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.