12,000 കോടി കടമെടുപ്പിന് കടമ്പകളേറെ; ജൽജീവനിൽ വെള്ളംകുടിച്ച് ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ 12,000 കോടി കടമെടുക്കാനുള്ള ജല അതോറിറ്റി നീക്കം പ്രാവർത്തികമാക്കാൻ കടമ്പകളേറെ. സർക്കാർ ഗാരന്റിയോടെ ജല അതോറിറ്റിയെകൊണ്ട് കടമെടുപ്പിക്കാനുള്ള നടപടികളാണ് ജലവിഭവ വകുപ്പിൽ പുരോഗമിക്കുന്നത്. ഹഡ്കോ, എൽ.ഐ.സി, നബാർഡ് എന്നീ ഏജൻസികളെ സമീപിച്ച് വായ്പ തരപ്പെടുത്താനുള്ള ശ്രമങ്ങൾ അതോറിറ്റിയുടെ തിരിച്ചടവ് ശേഷി കണക്കാക്കിയാൽ സാധ്യമാവുമോയെന്ന് സംശയമാണ്. സർക്കാർ ഗാരന്റിക്ക് തയാറായിട്ടും കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ മടിക്കുന്ന സാഹചര്യമുണ്ട്. ജല അതോറിറ്റിയുടെ കാര്യത്തിലും സമാന സാഹചര്യത്തിനാണ് സാധ്യത.
ശമ്പളം, പെൻഷൻ, ദൈനംദിന ചെലവുകൾ എന്നിവക്കപ്പുറം ഭാരിച്ച ചെലവുകൾക്ക് പണം നീക്കിവെക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ ജല അതോറിറ്റിക്കില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അടുത്തിടെ വെള്ളക്കരം വർധിപ്പിച്ചതിനാലാണ് ശമ്പളവും പെൻഷനും മുടങ്ങാതെ മുന്നോട്ടുപോകുന്നത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും കൊടുത്തുതീർത്തിട്ടില്ല. വൈദ്യുത ചാർജിനത്തിൽ നൽകാനുള്ള കുടിശ്ശികയടക്കം കോടികളുടെ ബാധ്യതയും മുന്നിലുണ്ട്.
കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാറുകളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത ധനസഹായത്തോടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ജൽജീവന്. വിഭാവനം ചെയ്തതനുസരിച്ച് ഉടമസ്ഥാവകാശം പൂർണമായും പ്രാദേശിക സർക്കാറുകളിൽ നിക്ഷിപ്തമാണ്. അതേസമയം, പദ്ധതിക്ക് നൽകേണ്ട 15 ശതമാനം തദ്ദേശ സ്ഥാപന വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവും ലഭ്യമാക്കാൻ ജല അതോറിറ്റി മാനേജ്മെൻറ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. കഴിഞ്ഞ ജൂൺ മുതൽ നോൺ പ്ലാൻ ഗ്രാന്റ് ജല അതോറിറ്റിക്ക് നൽകാൻ സംസ്ഥാന സർക്കാർ തയാറാവാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.