‘ഡ്രിഷ്’ കടൽ കടക്കുന്നു; ആദ്യ കയറ്റുമതി ഒരാഴ്ചക്കകം
text_fieldsകൊല്ലം: കേരള തീരദേശ വികസന കോർപറേഷൻ നേതൃത്വത്തിൽ തയാറാക്കുന്ന ഉണക്കമത്സ്യമായ ‘ഡ്രിഷ്’ ഇനി വിദേശ തീൻമേശകളിലേക്കും. കയറ്റുമതി ലൈസൻസും മറ്റു നടപടിക്രമങ്ങളും പൂർത്തിയായി. ഒരാഴ്ചക്കകം കയറ്റുമതി ആരംഭിക്കും. ന്യൂസിലൻഡ്, ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ‘ഡ്രിഷ്’ എത്തുക. മൂന്നു രാജ്യങ്ങളിലേക്കുമായി 40 ലക്ഷം രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്.
യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കു കയറ്റുമതിക്ക് പ്രാരംഭ ചർച്ച തുടങ്ങി. ഫിഷറീസ് വകുപ്പിന്റെ പിന്തുണയോടെ തീരദേശവികസന കോർപറേഷൻ ആരംഭിച്ച ഉണക്കമീൻ സംസ്കരണകേന്ദ്രം ശക്തികുളങ്ങരയിലാണ് പ്രവർത്തിക്കുന്നത്. നെത്തോലി, കൊഞ്ച്, കണവ, പരവ, വാള, കിളിമീൻ തുടങ്ങി 12 ഇനം മത്സ്യങ്ങൾ ഇവിടെ സംസ്കരിക്കുന്നു. പ്രതിദിനം ഒരു ടൺ ഉണക്കമത്സ്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമുണ്ട്.
മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് സംഭരിക്കുന്ന മീൻ ഗുണനിലവാരം ഉറപ്പാക്കിയാണ് വിപണനത്തിന് തയാറാക്കുന്നത്. വൃത്തിഹീനമായി ഉണക്കിയെടുക്കുന്ന മത്സ്യം വലിയതോതിൽ വിപണിയിൽ എത്തുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. അതിനാൽ ഗുണനിലവാരം ഉറപ്പാക്കിയുള്ള ‘ഡ്രിഷി’ന് വിപണിയിൽ വലിയ സാധ്യതയാണ്.
വിദേശവിപണിക്കൊപ്പം ആഭ്യന്തര വിപണിയിലും സാന്നിധ്യം വ്യാപിപ്പിക്കാനാണു പദ്ധതി. പ്രധാന മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഉൽപന്നം ലഭ്യമാക്കിക്കഴിഞ്ഞു. കൂടുതൽ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും. ഓൺലൈൻ വിപണന ശൃംഖലയും പരിഗണനയിലാണ്.
നേരത്തേ ആമസോൺ വഴി ഓൺലൈൻ വിൽപന നടത്തിയിരുന്നു. പ്രതിമാസം ഒരു കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഉൽപാദനം വർധിപ്പിക്കുന്നതിന് ചാവക്കാട്, അഴീക്കോട് എന്നിവിടങ്ങളിൽ സംസ്കരണ യൂനിറ്റുകൾ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.