റോഡിൽ തിരക്കുള്ളപ്പോൾ ഫുട്പാത്തിലൂടെ വണ്ടിയോടിക്കാറുണ്ടോ? പൊലീസ് നിങ്ങളെ തേടുന്നുണ്ട്
text_fieldsതിരുവനന്തപുരം: മുന്നിൽ ദീർഘമായി കിടക്കുന്ന ട്രാഫിക് ബ്ലോക്ക് മറികടക്കാൻ നിങ്ങൾ ഫുട്പാത്ത് തെരഞ്ഞെടുക്കാറുണ്ടോ. വഴിയിൽ ക്യൂ നിൽക്കുന്നവരെ നോക്കി ഉള്ളിൽ ഒരു ചെറു ചിരിയോടെ അതിബുദ്ധി കാണിക്കുന്നവർ ഓർക്കുക. ഇത്തരം നിയമലംഘനങ്ങൾ വഴി പൊലീസ് നിങ്ങളെ തേടിയെത്തും. ഇതു സംബന്ധിച്ച വിഡിയോ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ ഫുട്പാത്ത് വഴി ഓടിച്ചുപോകുന്ന ഇരുചക്ര വാഹനങ്ങളെയാണ് കാണിക്കുന്നത്.
ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. അത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വിഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതിയോടൊപ്പം ചേർക്കണമെന്നും പൊലീസ് പറയുന്നു.
ഓർക്കുക, നമ്മളെയെല്ലാം കാത്തിരിക്കുന്ന ഒരു കുടുംബം നമുക്കുണ്ട്. അവരെ ഓർത്തുകൊണ്ട് നമുക്ക് ആത്മസംയമനത്തോടെ, ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ടുമാത്രം വാഹനം ഓടിക്കാം.
പൊതുനിരത്തിൽ വാഹനം ഓടിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും സംയമനവും പാലിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിങ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നും പൊലീസ് പൊതുജനങ്ങളെ ഉണർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.