പൂർണതോതിലെ സർവിസ് പ്രഖ്യാപനം നടപ്പായില്ല; ഡ്രൈവർമാരില്ല, ബസുകൾ കട്ടപ്പുറത്തും
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ പൂർണാർഥത്തിൽ സർവിസ് ഒാപറേഷൻ ആരംഭിക്കുമെന്ന കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ പ്രഖ്യാപനം നടപ്പായില്ല. ഡ്രൈവർമാരില്ലാത്തതും ബസുകൾ നല്ലൊരു ശതമാനവും കട്ടപ്പുറത്തായതുമാണ് കാരണം.
വെള്ളിയാഴ്ച നൂറിൽ താഴെ സർവിസുകളാണ് അധികമായി അയക്കാനായത്. ശനിയാഴ്ചയാകെട്ട അതിലുംതാെഴ. യാത്രക്കാരുടെ എണ്ണം കൂടുകയും ബസുകൾ കുറയുകയും ചെയ്തതോടെ ദേശസാത്കൃത റൂട്ടുകളിലടക്കം യാത്രാക്ലേശം രൂക്ഷമാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെല്ലാം പഴയപടി പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് സർവിസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
ആകെയുള്ള 4500ഒാളം സർവിസുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശരാശരി 1500-1700 സർവിസുകളാണ് നിലവിൽ ഒാടുന്നത്. പൂർണ നിലയിൽ ജനുവരി ഒന്നുമുതലാണ് ബസുകൾ ഒാടിക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീടത് ഡിസംബർ 18ലേക്ക് മാറ്റി.
ഡ്രൈവർമാരുടെ ക്ഷാമമാണ് പഴയപടിയുള്ള സർവിസ് പുനരാരംഭിക്കലിന് തടസ്സമാകുന്നത്. തെക്കൻ ജില്ല ഡിപ്പോകളിലെ ഡ്രൈവർമാരിൽ നല്ലൊരു ശതമാനവും വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. കോവിഡ് കാലത്ത് എല്ലാവർക്കും അവരവരുടെ നാടുകളിലേക്ക് സ്ഥലംമാറ്റം നൽകിയിരുന്നു.
സർവിസ് കുറവായതിനാൽ കോവിഡ് കാലത്ത് ഇൗ ക്രമീകരണം പര്യാപ്തമായിരുന്നു. ഇവരെ തിരികെ വിന്യസിക്കാതെയാണ് സർവിസ് പ്രഖ്യാപിച്ചത്. എം പാനൽ കണ്ടക്ടർമാരെല്ലാം പുറത്തായേതാടെ താൽക്കാലിക കണ്ടക്ടർമാരെയും കിട്ടാതായി.
കെ.എസ്.ആർ.ടി.സിയുടെ 1500 ഒാളം ബസുകൾ സ്പെയർ പാർട്സുകളില്ലാതെ കട്ടപ്പുറത്താണ്. അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാനുള്ള ഫണ്ടുമില്ല. ഇൗ ബസുകളില്ലാതെ എങ്ങനെ സർവിസ് പഴയപടി പുനഃസ്ഥാപിക്കുമെന്നതിലും ഉത്തരമില്ല. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് മെറ്റാരു പ്രതിസന്ധി. ഡിപ്പോകളിലുള്ളവയിൽ ഏറിയപങ്കും തകരാറിലാണ്.
പുതിയ മെഷീനുകൾ വാങ്ങുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കിട്ടിയില്ല.
കെ.എസ്.ആർ.ടി.സി: 15 യാത്രക്കാരെ വരെ നിർത്താം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ പകൽ സമയങ്ങളിൽ 10-15 വരെ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകുന്നതിന് അനുമതി. യാത്രാവശ്യകത വർധിക്കുകയും ബസുകളിൽനിന്ന് യാത്രക്ക് വിലക്കുണ്ടാവുകയും ചെയ്തതോടെ വ്യാപക പരാതി ഉയർന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ നിർദേശം.
കോവിഡ് മാനദണ്ഡങ്ങളെ തുടർന്നാണ് സീറ്റുകളിൽ മാത്രം യാത്രക്കാരെ അനുവദിച്ചിരുന്നത്. ഇപ്പോൾ യാത്രക്കാരുടെ എണ്ണം കൂടുകയും ബസുകൾ വർധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിർത്തി യാത്ര അനുവദിക്കാത്തത് വലിയ പ്രയാസം സൃഷ്ടിച്ചു. രാത്രി അവസാന ട്രിപ്പുകളിൽ നിർത്തി യാത്ര നേരത്തെ അനുവദിച്ചിരുന്നു.
പകൽ നേരങ്ങളിൽ ഒമ്പതിൽ കുറയാത്ത യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കാമെന്ന് ഡിപ്പോകൾക്ക് വാക്കാൽ നിർദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പായില്ല. കോവിഡ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റുമാർ യാത്രക്കാരെ നിർത്തിക്കൊണ്ട്പോകുന്ന ബസുകളിെല ജീവനക്കാർക്ക് പിഴയിട്ടതോടെയാണ് ജീവനക്കാരും മടിച്ചത്. ഇതോെടയാണ് 15 യാത്രക്കാരെ വരെ പകൽ സമയത്ത് നിർത്തിക്കൊണ്ട് പോകാമെന്ന് മാനേജ്മെൻറ് സർക്കുലർ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.