ഊതിക്കൽ’ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സി കർശനമാക്കിയ ബ്രത്ത് അനലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഇതോടെ പലയിടത്തും സർവിസ് മുടങ്ങുന്ന സ്ഥിതിയായി. അനലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ ശിക്ഷ സസ്പെൻഷനാണെന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം. ബ്രത്ത് അനലൈസർ പരിശോധനക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേന്ന് മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല.
പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷയുള്ളൂ. എന്നാൽ, കെ.എസ്.ആർ.ടി.സിയിലെ രീതിയനുസരിച്ച് തലേദിവസം മദ്യപിച്ചാൽപോലും സസ്പെൻഷൻ കിട്ടുമെന്നതാണ് സ്ഥിതിയെന്ന് തൊഴിലാളികൾ പറയുന്നു. അതിനാല്‍ ഡ്രൈവർമാർ അഡീഷനൽ ഡ്യൂട്ടിക്ക് വരാൻ മടിക്കുകയാണ്.
പതിവ് ഡ്യൂട്ടിക്ക് പുറമെ അഡീഷനൽ ഡ്യൂട്ടിക്ക് തയാറുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ സർവിസുകള്‍ മുടങ്ങാറുമുണ്ട്.
ബ്രത്ത് അനലൈസർ പരിശോധനയെത്തുടർന്ന് 204 ജീവനക്കാരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. ഇതിൽ നൂറിലേറെപ്പേർ ഡ്രൈവർമാരാണ്. ഇതിനുപുറമേയാണ് ഈ മാസം 274 ഡ്രൈവർമാർ സർവിസിൽനിന്ന് വിരമിക്കുന്നത്. ഇതോടെ ഡ്രൈവർക്ഷാമം അതിരൂക്ഷമാകും. ഇത് പരിഹരിക്കാൻ വിരമിക്കുന്നവരിൽ തുടരാൻ താൽപര്യമുള്ളവരെ അതത് യൂനിറ്റുകളിൽതന്നെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണ് കെ.എസ്.ആർ.ടി.സി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.