181 പേർ ഡ്രൈവിങ് പഠിക്കാൻ ചേർന്നു; കെ.എസ്.ആർ.ടി.സിക്ക് വരുമാനം 15 ലക്ഷം
text_fieldsതിരുവനന്തപുരം: 182 പേർ കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് സ്കൂളുകളിൽ പ്രവേശനം നേടിയപ്പോൾ കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിച്ചത് 15.23 ലക്ഷം രൂപ. ആറു ലക്ഷം രൂപ ചെലവിനത്തിൽ പോയാലും ബാക്കി ലാഭമാണെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനെക്കാൾ പണം വാങ്ങി, ഇതിനെക്കാൾ തല്ലിപ്പൊളി വാഹനത്തിൽ ഡ്രൈവിങ് പഠിപ്പിക്കുന്നവർ നഷ്ടത്തിലാണെന്നും അവരെല്ലാം പാവങ്ങളാണെന്നും ഇതിലൂടെ എല്ലാവർക്കും മനസ്സിലായി എന്നും ഗണേഷ് കുമാർ പരിഹസിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിലെ പരിശീലനം പൂർത്തിയാക്കി ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 സ്ഥലങ്ങളിൽ കൂടി ഡ്രൈവിങ് സ്കൂൾ ഉടൻ ആരംഭിക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവിങ് പരിശീലന കേന്ദ്രം ആരംഭിച്ചപ്പോൾ പാവപ്പെട്ട ഡ്രൈവിങ് സ്കൂളുകാരുടെ വയറ്റത്തടിച്ചുവെന്നായിരുന്നു പ്രചാരണം. പലയിടങ്ങളിലും പ്രതിദിനം 80 ടെസ്റ്റ് വരെ നടക്കുന്നുണ്ട്. എന്നിട്ടും പരീക്ഷയിൽ ജയിക്കുന്നത് 50 ശതമാനത്തിൽ താഴെയാണ്. മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള ഐ.ഡി.ടി.ആറിന്റെ സബ് സെന്ററായി കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തെ മാറ്റുമെന്നും ഗണേഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ 40 പേരാണ് ടെസ്റ്റിൽ പങ്കെടുത്തത്. ഇതിൽ 36 പേർ വിജയിച്ചു.
14 ഡിപ്പോകളിൽ എമർജൻസി യൂനിറ്റുകൾ
സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ കേരള കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് 14 ഡിപ്പോകൾ കേന്ദ്രീകരിച്ച് എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ എമർജൻസി മെഡിക്കല് കെയർ യൂനിറ്റുകൾ ആരംഭിക്കും. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ 14 കെ.എസ്.ആർ.ടി.സി യൂനിറ്റുകളിലാണ് എമർജൻസി യൂനിറ്റുകൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.