ഡ്രൈവിങ് കുട്ടിക്കളിയല്ല; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
text_fieldsകോട്ടയം: വേനലവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന വാഹനാപകടങ്ങളെക്കുറിച്ച മുന്നറിയിപ്പുമായി മോട്ടോര് വാഹന വകുപ്പ്. ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന മുന്നറിയിപ്പാണ് വകുപ്പ് നൽകുന്നത്. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമനടപടികളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലാണ് വകുപ്പ് വ്യക്തമാക്കുന്നത്.
‘മധ്യവേനലവധി തുടങ്ങി. കുട്ടികൾ വാഹനം ഓടിക്കാനും ഓടിച്ചുപഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം. മാതാപിതാക്കളേ ഒന്ന് ശ്രദ്ധിക്കൂ. ഡ്രൈവിങ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുക എന്നത് ഡ്രൈവിങ്ങിലെ അടിസ്ഥാന തത്ത്വമാണ്. മനസ്സും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും.
സെക്ഷൻ 199 എ പ്രകാരം കുട്ടികൾ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ വാഹന ഉടമയോ ആണ്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിങ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.