ഡ്രൈവിങ് ലൈസൻസ് കാർഡിലേക്കുള്ള മാറ്റം; ലൈസൻസികൾക്ക് സാമ്പത്തിക ബാധ്യത കൂടുന്നു
text_fieldsഒറ്റപ്പാലം: പുസ്തകത്തിൽനിന്ന് കാർഡ് രൂപത്തിലേക്കുള്ള ഡ്രൈവിങ് ലൈസൻസിെൻറ രൂപമാറ്റം ലൈസൻസ് ഉടമകൾക്ക് അനാവശ്യ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നതായി പരാതി. പുസ്തകരൂപത്തിലുള്ള ലൈസൻസ് പുതുക്കുന്നതിന് വർഷങ്ങൾ ശേഷിച്ചിരിക്കെ തന്നെ നൂറുകണക്കിന് ആളുകളാണ് കാർഡ് മാറ്റത്തിനായി മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തുന്നത്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിെൻറ സാരഥി സോഫ്റ്റ്വെയറിലേക്ക് ലൈസൻസ് വിവരങ്ങൾ മാറ്റുന്നതിെൻറ ഭാഗമായാണ് കാർഡിലേക്കുള്ള രൂപമാറ്റം. ഇതിന് 560 രൂപ ലൈസൻസ് ഉടമ മുടക്കേണ്ടിവരുന്നതാണ് ജനത്തെ ബുദ്ധിമുട്ടിലാക്കുന്നത്. പണം നൽകി ലൈസൻസ് കാർഡ് രൂപത്തിലേക്ക് മാറ്റുമ്പോൾ പുതുക്കിനൽകണമെന്ന ലൈസൻസിയുടെ ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. കാർഡ് ലഭിച്ചശേഷം നിശ്ചിത ഫീസ് അടച്ച് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിർദേശം. ലൈസൻസ് കാർഡ് രൂപത്തിലേക്ക് മാറ്റാത്ത സാഹചര്യത്തിൽ പുതുക്കാനും മറ്റ് ആവശ്യങ്ങൾക്കും തടസ്സം നേരിടുമെന്ന മുന്നറിയിപ്പും ഓഫിസിൽനിന്ന് ലഭിച്ചതായി പരാതിക്കാർ പറയുന്നു.
നിലവിലെ സോഫ്റ്റ് വെയറിൽനിന്നാണ് ഡാറ്റകൾ സാരഥിയിലേക്ക് പോർട്ട് ചെയ്യുന്നതെന്നും ഇതിനായി ഫീസ് നൽകേണ്ടിവരുന്നതുകൂടി കണക്കിലെടുത്താണ് ലൈസൻസികളിൽനിന്ന് തുക ഈടാക്കുന്നതെന്നും ഒറ്റപ്പാലം ജോ. ആർ.ടി.ഒ വൃത്തങ്ങൾ പറഞ്ഞു. വീഴ്ചവരുത്തുന്നവരുടെ ലൈസൻസുകൾ പുതുക്കാൻ കഴിയാതെവന്നാൽ പുതിയ ലൈസൻസ് എടുക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടിവന്നേക്കാമെന്നും ഓഫിസ് വൃത്തങ്ങൾ പറയുന്നു. ഡ്യൂപ്ലിക്കറ്റ് ലൈസൻസ് നടപടിക്രമങ്ങൾ പാലിച്ചാണ് കാർഡ് രൂപത്തിൽ ലൈസൻസ് നൽകുന്നത്. അതേസമയം, ഡ്യൂപ്ലിക്കറ്റ് എന്ന രേഖപ്പെടുത്തൽ കാർഡിൽ ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
സാരഥി സോഫ്റ്റ്വെയറിലേക്ക് ലൈസൻസ് വിവരങ്ങൾ പോർട്ട് ചെയ്യുന്നതിെൻറ ചെലവ് ലൈസൻസ് ഉടമകൾ വഹിക്കണമെന്ന സർക്കാർനിലപാട് അന്യായമാണെന്ന് ലൈസൻസികൾ ആരോപിച്ചു. അതേസമയം, 70 രൂപ നൽകിയാൽ കാർഡ് നൽകാതെ ‘പർട്ടിക്കുലേഴ്സ്’ രേഖപ്പെടുത്തി നൽകുമെന്നും ആർ.ടി ഓഫിസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.