പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തന്നെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം
text_fieldsതിരുവനന്തപുരം: ടെസ്റ്റ് ഒഴികെ ലൈസന്‍സ് സംബന്ധമായ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനിൽ. ലൈസന്‍സ് പുതുക്കല്‍, അഡ്രസ് മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഇൻറര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവക്ക് ഇനിമുതൽ ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. അതാത് ഓഫിസുകളില്‍നിന്ന് അസല്‍രേഖകള്‍ തപാലില്‍ ലഭിക്കും. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ സ്മാര്‍ട്ട് കാര്‍ഡില്‍ നല്‍കുന്നതിനുള്ള ക്രമീകരണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാഴ്ചക്കകം ഇത് സജ്ജമാകുന്നതോടെ ആര്.സിയും ഡ്രൈവിങ് ലൈസന്‍സും ഓഫിസുകളില്‍നിന്ന് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുതന്നെ ഇനിമുതൽ ലൈസന്‍സ് പുതുക്കാം. ഇൻറര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സും പെര്‍മിറ്റും ഓണ്‍ലൈനില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലെസ് സെറ്റുകള്‍ നല്‍കുന്നതിനും ചെക്ക്പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് നേത്രപരിശോധന സാക്ഷ്യപത്രവും മേല്‍വിലാസത്തിലെ മാറ്റത്തിനുള്ള രേഖകളും അപ്ലോഡ് ചെയ്താല്‍ മതി. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. രേഖകള്‍ അയച്ചുനല്‍കാന്‍ ഇനി മേല്‍വിലാസമെഴുതിയ കവറും സ്റ്റാമ്പും നല്‍കേണ്ടതില്ല. തപാല്‍ ചെലവും ഓണ്‍ലൈന്‍ ഫീസിനൊപ്പം വാങ്ങും. ഇതിനുള്ള ക്രമീകരണം സോഫ്റ്റ്വെയറില് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇൻറർനാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വിസ, നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. രേഖകള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കണം. അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല. വിദേശത്തുനിന്ന് ഓണ്‍ലൈനില്‍ പുതുക്കാം.
ഇന്ത്യന്‍ ഡോക്ടര്‍മാരോ ഇന്ത്യന്‍ ഹൈകമീഷന് അംഗീകരിച്ച ഡോക്ടര്‍മാരോ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് പുതുക്കല്‍ അപേക്ഷ നല്‍കാം. വാഹനപ്പുക പരിശോധനാകേന്ദ്രങ്ങൾ ഇനിമുതൽ പൂര്‍ണമായും ഓണ്‍ലൈനാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.