ഡ്രൈവിങ് ലൈസൻസുകൾ ഇനി എലഗന്റ് കാർഡ്
text_fieldsകോഴിക്കോട്: ഡ്രൈവിങ് ലൈസൻസും ആർ.സി. ബുക്കും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസും കൂടുതൽ മികവുറ്റ എലഗൻസ് കാർഡിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോഴിക്കോട് ടൗൺഹാളിൽ ഗതാഗത വകുപ്പ് അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലൈസൻസുകളും ആർ.സികളും ഇന്നും പഴഞ്ചൻ രൂപത്തിലാണ് വിതരണം ചെയ്യുന്നത്. അന്താരാഷ്ട്ര പെർമിറ്റുകളും കൊണ്ടുനടക്കാൻ കഴിയാത്ത കോലത്തിലാണ്. സ്മാർട്ട് കാർഡുകളെക്കാൾ മികച്ച നിലവാരമുള്ള എലഗന്റ് കാർഡുകൾ സെപ്റ്റംബർ മുതൽ നടപ്പാക്കിത്തുടങ്ങും. നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകൾ എലഗന്റ് കാർഡിലേക്ക് മാറ്റാൻ സൗകര്യവുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വാഹനസംബന്ധമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാറിന്റെ നിയമങ്ങൾകൂടി ബാധകമാണ്. അത് നമുക്കായി മാറ്റംവരുത്താൻ കഴിയില്ല. ബി.പി.എല്ലുകാരനായ ഒരാൾ ജീവിക്കാനായി ബാങ്ക് വായ്പയെടുത്ത് ഓട്ടോറിക്ഷയോ മീൻ കച്ചവടത്തിനായി ടൂ വീലറോ വാങ്ങിയാൽ അയാൾ എ.പി.എല്ലുകാരനാകുമെന്നതാണ് കേന്ദ്രനിയമം. കേരളത്തെ സംബന്ധിച്ച് ഇത് അശാസ്ത്രീയമാണ്. അതിൽ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഹന നികുതിയിളവു നൽകുന്ന വിഭാഗത്തിൽ ഓട്ടിസം ബാധിച്ച കുട്ടികളെകൂടി ഉൾപ്പെടുത്താനും അവരുടെ മാതാപിതാക്കൾ വാങ്ങുന്ന ഒമ്പതു ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് ഇളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്തകാലം വരെ ഏഴ് ലക്ഷം രൂപയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.