ഡ്രൈവിങ് ലൈസൻസുകൾ ഇന്നു മുതൽ സ്മാർട്ട്
text_fieldsതിരുവനന്തപുരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഡ്രൈവിങ് ലൈസന്‍സുകൾ ബുധനാഴ്ചമുതൽ സ്മാർട്ടാകുന്നു. എട്ടു സുരക്ഷാ സംവിധാനങ്ങളുള്ള പി.വി.സി പെറ്റ് ജി കാർഡാണ് ലൈസൻസായി ഇനി മോട്ടോർ വാഹന വകുപ്പ് നൽകുക. നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. ലൈസൻസിന് പിന്നാലെ ആർ.സി ബുക്കുകളും ഡിജിറ്റൽ സ്വഭാവത്തിലേക്ക് മാറ്റാനാണ് തീരുമാനം.
നിലവിൽ ലാമിനേറ്റ് ചെയ്ത ലൈസൻസും ആർ.സിയുമാണ് വിതരണം ചെയ്യുന്നത്. സീരിയൽ നമ്പർ, യു.വി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ കോഡ് എന്നിങ്ങനെ പ്രധാന സുരക്ഷ മാനദണ്ഡങ്ങളാണ് ഡ്രൈവിങ് ലൈസൻസിനുള്ളത്. റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. നോട്ടുകളിലുള്ളതുപോലെ ഓരോ ലൈസൻസ് കാർഡിലും വ്യത്യസ്ത സീരിയൽ നമ്പർ ഉണ്ടാകും. ഓരോ വ്യക്തിയുടെയും ലൈസൻസ് തിരിച്ചറിയുന്നതിനാണ് വ്യത്യസ്ത സീരിയൽ നമ്പർ നൽകുന്നത്.
അൾട്രാവയലറ്റ് കിരണങ്ങൾ കൊണ്ടുമാത്രം കാണാൻ കഴിയുന്ന എംബ്ലം എല്ലാ ലൈസൻസിലും ഉണ്ടാകും. ലൈസൻസിന്റെ മുന്നിലും പിറകിലും പാറ്റേൺ ഉണ്ടായിരിക്കും. മുൻവശത്ത് കേരളത്തിന്റെ ചിത്രവും പിറകിൽ മോട്ടോർ വാഹനവകുപ്പിന്റെ ചിഹ്നവുമാണ് യു.വി എംബ്ലമായി ചേർത്തിരിക്കുന്നത്. നോട്ടുകളിൽ കാണുന്നതുപോലെ പ്രത്യേക വരകൾകൊണ്ട് നിർമിച്ച രൂപങ്ങൾ (ഗില്ലോച്ചെ പാറ്റേൺ) ലൈസൻസിൽ ഉണ്ടാകും. ലൈസന്‍സിന്റെ ചില ബോർഡർ ലൈനുകൾ നിർമിച്ചിരിക്കുന്നത് ചെറിയ അക്ഷരങ്ങൾ കൊണ്ടാണ്. മൈക്രോ ടെക്സ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി സ്മാർട്ട് ലൈസൻസ് കാർഡിൽ നേരത്തേതന്നെ മുദ്രണം ചെയ്ത ഹോളാഗ്രാമാണുണ്ടാകുക. ഇതിൽ മൂന്നുതരം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള സുരക്ഷയായ ഒപ്റ്റിക്കൽ വേരിയബിൾ ഇങ്കാണ് മറ്റൊന്ന്. നോട്ടുകളിലെ അക്കങ്ങളിൽ വെളിച്ചം വീഴുന്നതിനനുസരിച്ച് നിറം മാറും. സമാനമായി ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക് സാങ്കേതികവിദ്യ അനുസരിച്ച് നിർമിച്ച ഇന്ത്യയുടെ ചിത്രം ലൈസന്‍സിലുണ്ട്. കാർഡിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലൈസൻസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കും.
നിലവിലെ കാർഡുകളും സ്മാർട്ടാക്കാം
തിരുവനന്തപുരം: നിലവിലെ ലൈസൻസ് കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സ്മാർട്ട് കാർഡിലേക്ക് മാറ്റാം.
നിശ്ചിത ഫീസ് ഈടാക്കിയാണ് മോട്ടോർ വാഹനവകുപ്പ് ഇതിനുള്ള സൗകര്യമൊരുക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. നടപടിക്രമങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.