ഡ്രൈവിങ് പരിഷ്കരണം; സി.ഐ.ടി.യു പിന്മാറി, സമരത്തിലുറച്ച് ഉടമകൾ
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ വിഷയത്തിൽ സി.ഐ.ടി.യു പ്രക്ഷോഭങ്ങളിൽനിന്ന് പിന്മാറിയെങ്കിലും പണിമുടക്കിലുറച്ച് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി. ഉത്തരവിലെ വ്യവസ്ഥകളിൽ പൊരുത്തക്കേടുകളുണ്ടെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് ഉടമകളുടെ സംഘടന നിലപാട്. ടെസ്റ്റ് ബഹിഷ്കരണവും ലേണേഴ്സ് ടെസ്റ്റിന് ഫീസടയ്ക്കലിൽനിന്ന് വിട്ടുനിൽക്കലും തുടരുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ജയശങ്കർ വിളക്കപ്പിള്ളി വ്യക്തമാക്കി.
പരിഷ്കരണനീക്കം മൂന്ന് മാസത്തേക്ക് നീട്ടിയും നിലവിലെ രീതിയിൽ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന് വ്യക്തമാക്കിയും ശനിയാഴ്ച ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവിൽ തൃപ്തരായല്ല ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പണിമുടക്ക് പിൻവലിച്ചത്. മേയ് 23ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമുമായി ചർച്ച നടത്താമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെക്കുന്നതെന്ന് പ്രസിഡന്റ് കെ.കെ. ദിവാകരനും ജനറൽ സെക്രട്ടറി സി.ടി. അനിൽകുമാറും വ്യക്തമാക്കി. 23 ലെ ചർച്ച പരാജയമെങ്കിൽ സമരം പുനരാരംഭിക്കുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നൽകുന്നു.
പുതിയ ഉത്തരവിലൂടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് നൽകിയെന്നാണ് വ്യാഖ്യാനമെങ്കിലും ശരിക്കും ഇളവല്ലെന്നും അൽപം സമയമനുവദിക്കൽ മാത്രമാണെന്നും ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണിത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറുമാസം സാവകാശമാണ് നൽകിയത്.
ശരിക്കും 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ഫിറ്റ്നസ് നേടി റോഡിൽ ഓടാൻ അനുവാദമുണ്ടെങ്കിൽ ഇതേ വ്യവസ്ഥകൾ പാലിച്ച് തങ്ങളുടെ ഇത്തരം വാഹനങ്ങളിലും ഡ്രൈവിങ് പഠിപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. റോഡ് ടെസ്റ്റ് ആദ്യമാക്കുന്നത് മാനദണ്ഡങ്ങൾ കർക്കശമാക്കി പരാജയപ്പെടുന്നവരുടെ എണ്ണം കൂട്ടും.
ഡ്രൈവിങ് ടെസ്റ്റിന് ഇരട്ട ക്ലച്ചും ബ്രേക്കും വേണ്ട
തിരുവനന്തപുരം: പരിശീലകന് കൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകളോടെ ഇരട്ട നിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നത് വിലക്കി. ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചത്. ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ട നിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. നിലവിലെ വാഹനങ്ങൾ മൂന്നുമാസത്തേക്ക് കൂടി തുടരാനാകും. തുടർന്ന് സാധാരണ രീതിയിലെ വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഈ നിർദേശം റോഡ് സുരക്ഷയെ ബാധിക്കുന്നതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഡ്രൈവിങ്ങിലെ ക്ഷമതയാണ് റോഡ് ടെസ്റ്റില്‍ പരിശോധിക്കുന്നത്. തിരക്കുള്ള റോഡിലും വളവുകളിലും കയറ്റത്തിലും ഇറക്കത്തിലുമെല്ലാം റോഡ് ടെസ്റ്റ് നടത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.