ഡ്രൈവിങ് ടെസ്റ്റിന് പലയിടത്തും ആളെത്തിയില്ല; സമരം ശക്തമാക്കി ഡ്രൈവിങ് സ്കൂളുകൾ
text_fieldsകോഴിക്കോട്: സർക്കാറിന്‍റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂളുകാർ. പൊലീസ് സുരക്ഷയിൽ ഇന്ന് മുതൽ ടെസ്റ്റ് നടത്താൻ തീരുമാനമുണ്ടായിട്ടും പലയിടത്തും ആളെത്തിയില്ല. ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് സ്കൂൾ ജീവനക്കാരുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.
തൃശൂർ അത്താണിയിൽ പ്രതീകാത്മകമായി ശവക്കുഴിവെട്ടി അതിൽ കിടന്നായിരുന്നു ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം. കോഴിക്കോട് താമരശ്ശേരിയിൽ പട്ടിണിക്കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നിൽ സമരക്കാർ കിടന്ന് പ്രതിഷേധിച്ചു. ഡ്രൈവിങ് സ്കൂൾ ഉടമകൾ കൊല്ലം ആശ്രാമത്ത് കഞ്ഞി വെച്ച് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടയിലും കൊല്ലത്ത് സ്വന്തം വാഹനവുമായി എത്തിയയാൾക്ക് ടെസ്റ്റ് നടത്തി. എല്ലാ ജില്ലകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധമുണ്ട്.
അതേസമയം, സ്ലോട്ട് ലഭിച്ചവർ എത്തിയാൽ പൊലീസ് സുരക്ഷയിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡ്രൈവിങ് സ്കൂളുകളുടെ എതിർപ്പുകൾ അവഗണിച്ച് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലെ ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർ.ടി.ഒമാർക്ക് മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകിയിരിക്കുകയാണ്.
അപേക്ഷകർക്ക് സ്വന്തം വാഹനങ്ങളിലെത്താം. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ അവ വാടകക്കെടുത്ത് മുടക്കം കൂടാതെ നടത്തും. അപേക്ഷകരെ ഗ്രൗണ്ടുകളിൽ തടസ്സപ്പെടുത്താൻ അനുവദിക്കില്ല. ഇപ്പോൾ നടക്കുന്ന സമരം പൊതുജനതാൽപര്യത്തിനും കോടതി നിർദേശങ്ങൾക്കും എതിരാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
അതേസമയം, സമരം ശക്തമാക്കാനാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംയുക്ത സമരസമിതി തീരുമാനം. ടെസ്റ്റ് ബഹിഷ്കരിച്ച് നടത്തുന്ന സമരത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.