ടെസ്റ്റ് പരിഷ്കരണം വ്യവസ്ഥകൾ വളച്ചൊടിച്ചെന്ന്; തീരുമാനത്തിൽ എതിർപ്പുമായി ഡ്രൈവിങ് സ്കൂളുകൾ
text_fieldsകൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് മേയ് ഒന്ന് മുതൽ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ കടുത്ത എതിർപ്പുമായി ഡ്രൈവിങ് സ്കൂളുകൾ. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ വളച്ചൊടിച്ചാണ് പരിഷ്കാരം നടപ്പാക്കുന്നതെന്നും ഇത് ഡ്രൈവിങ് സ്കൂളുകളെ ഇല്ലാതാക്കുമെന്നുമാണ് സ്കൂൾ ഉടമകളുടെ വാദം. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് കോർപറേറ്റുകൾക്ക് ഏൽപ്പിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട് ചില ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് സ്കൂളുകളിൽ മേയ് ഒന്ന് മുതൽ ഉപയോഗിക്കരുതെന്നാണ് ഗതാഗത കമീഷണറുടെ ഉത്തരവിലെ നിർദേശം. ഇത് ചൂണ്ടിക്കാട്ടി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുള്ള സ്കൂളുകളുടെ ലൈസൻസ് പുതുക്കി നൽകുന്നത് പലയിടത്തും നിർത്തിയതായും പറയുന്നു. ഇത്തരമൊരു കാലപരിധി കേന്ദ്ര നിയമത്തിലില്ല. ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയറും ട്രാൻസ്മിഷനും ഉള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിർദേശം. എന്നാൽ, ട്രാൻസ്മിഷനല്ല വാഹനങ്ങളുടെ കാറ്റഗറിയാണ് കേന്ദ്രനിയമത്തിൽ പറയുന്ന മാനദണ്ഡമെന്ന് സ്കൂളുകൾ ചൂണ്ടിക്കാട്ടുന്നു.
ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവയെല്ലാം കൂടി 20 മീറ്റർ സമചതുരം മാത്രം വിസ്തൃതിയുള്ള സ്ഥലത്ത് നടത്തുകയെന്നതും പ്രായോഗികമല്ല. നിലവിൽ ചെറിയ സ്ഥലങ്ങൾ പാട്ടത്തിനെടുത്താണ് ടെസ്റ്റിങ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുള്ളത്. പുതിയ മാറ്റം അനുസരിച്ച് ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും ചേർന്ന് ഒരു ദിവസം നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ദിവസം 150ഓളം ടെസ്റ്റുകൾ വരെ നടത്തിയിട്ടും പഠിതാക്കൾ ഒരു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.
സംസ്ഥാനത്ത് 6500ലധികം ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണ് അശാസ്ത്രീയ പരിഷ്കാരങ്ങളെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എ. ഹരിസൂൺ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.