ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്; ഗണേഷ് കുമാറിന്റെ പരിഷ്‍കാരത്തിനെതിരെ പ്രതിഷേധം ശക്തം
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുമതി നൽകിയാൽ മതിയെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‍കുമാറിന്റെ പരിഷ്‍കാരമാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഡ്രൈവിങ് ടെസ്റ്റിന് 50 പേരെ മാത്രം അനുവദിച്ചാൽ മതിയെന്ന നിർദേശമുണ്ടായത്.
എന്നാൽ, ഇതൊന്നുമറിയാതെ സാധാരണപോലെ ആളുകൾ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലെത്തി. പക്ഷേ മന്ത്രിയുടെ നിർദേശപ്രകാരം 50 പേർക്ക് മാത്രമേ ടെസ്റ്റ് അനുവദിക്കാൻ സാധിക്കുവെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.
പല ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും 100ലേറെ പേരാണ് എത്തിയത്. 50 പേർക്ക് മാത്രമേ ടെസ്റ്റ് അനുവദിക്കുവെന്ന് അറിയിച്ചതോടെ എത്തിയ ആളുകൾ പ്രതിഷേധിക്കുകയായിരുന്നു. പുതിയ പരിഷ്‍കാരത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളും രംഗത്തുണ്ട്.
ഗണേഷ് കുമാർ വന്ന ശേഷം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരിച്ച് ഉത്തരവിറങ്ങിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യാനുള്ള ഡാഷ്‌ബോർഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.
നേരത്തെ കാറിന്റെ ലൈസൻസ് എടുക്കാൻ 'എച്ച്' മാത്രം മതിയായിരുന്നു. ഇനി വെറും 'എച്ച്' അല്ല എടുക്കേണ്ടത്. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തുന്നതും പുറകോട്ട് എടുക്കുന്നതും കൂടി ഗ്രൗണ്ട് ടെസ്റ്റിൽ ഉൾപ്പെടുത്തി. റോഡ് ടെസ്റ്റ് ഗ്രൗണ്ടിലെടുക്കാതെ റോഡിൽ തന്നെ നടത്തണം.ഡ്രൈവിങ് സ്‌കൂളുകൾ കൊണ്ടുവരുന്ന വാഹനത്തിൽ ഡാഷ്‌ബോർഡ് ക്യാമറ ഉണ്ടായിരിക്കണം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനത്തിൽ ഡ്രൈവിങ് പരിശീലിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.