ഡ്രൈവിങ് ടെസ്റ്റ്: അയഞ്ഞ് മോട്ടോർ വാഹനവകുപ്പ്; ഇൻസ്ട്രക്ടർമാർ ഗ്രൗണ്ടിൽ വരേണ്ട
text_fieldsതിരുവനന്തപുരം: 15 ദിവസം നീണ്ട സി.ഐ.ടി.യു സമരത്തെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പിൽ ഇളവുകൾ അനുവദിച്ച് മോട്ടോർ വാഹനവകുപ്പ്. മേഖലയെ സ്തംഭിപ്പിച്ച സംയുക്ത പണിമുടക്ക് അവസാനിപ്പിക്കുന്നതിന് സർക്കാർ വിട്ടുവീഴ്ചകൾക്ക് മുതിർന്നെങ്കിലും അന്ന് കടുംപിടിത്തം തുടർന്ന ഉപാധികളിലാണ് ഇപ്പോൾ അയവ് വരുത്തിയത്. ഇതു സംബന്ധിച്ച് ഉത്തരവും ഇറങ്ങി.
ഇൻസ്ട്രക്ടർമാർ തന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിലെത്തിക്കണമെന്ന നിബന്ധന പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഗതാഗത മന്ത്രിയുമായി നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാർ ഗ്രൗണ്ടിൽ ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കി. പകരം ഇൻസ്ട്രക്ടർമാർ ഡ്രൈവിങ് സ്കൂളിലുണ്ടാകണമെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്കൂളുകളിൽ പരിശോധന നടത്തുമെന്നുമാണ് പുതിയ ഉത്തരവ്.
അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡ്രൈവിങ് സ്കൂളുകൾ ലൈസൻസ് പുതുക്കുന്നത്. മറ്റു ജീവനക്കാരാണ് ഡ്രൈവിങ് പഠിപ്പിക്കുന്നതും പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കുന്നതും.
എന്നാൽ, ഇൻസ്ട്രക്ടർ തന്നെ എത്തിക്കണമെന്ന വ്യവസ്ഥ പല സ്കൂളുകളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനാണ് താൽക്കാലിക പരിഹാരമാകുന്നത്. അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്ട ർമാരുടെ കുറവ് കണക്കിലെടുത്ത് അഞ്ചു വർഷത്തിൽ കൂടുതൽ പരിശീലന പരിചയമുള്ള ഡ്രൈവിങ് സകൂളുകളിലെ ജീവനക്കാർക്ക് പ്രത്യേക ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകാനും ഇവരെ ഇൻസ്ട്രക്ടർമാരായി പരിഗണിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, ഇത്തരം പരിശീലനത്തിനുള്ള ഫീസ് 3000 രൂപയായിരുന്നത് മൂന്ന് മാസം മുമ്പ് 37,500 രൂപയായി കുത്തനെ വർധിപ്പിച്ചു. ഇതു കുറക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ഫീസ് 10,000 രൂപക്ക് താഴെയായി നിജപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി ഉറപ്പു നൽകി.
സി.ഐ.ടി.യു സമരം പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് സംഘടന ഉന്നയിച്ച ആവശ്യങ്ങൾ മോട്ടോർ വാഹനവകുപ്പ് അംഗീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 15 ദിവസമായി തുടരുന്ന സമരം പിൻവലിച്ചതായി ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.ടി. അനിൽ അറിയിച്ചു. യൂനിയൻ നേതാക്കളും ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്.
അപേക്ഷകൾ തീർപ്പാക്കാൻ ഒരു യൂനിറ്റ് കൂടി
സംസ്ഥാനത്ത് വിവിധ ഓഫിസുകളിൽ 2.5 ലക്ഷം ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 3000 എണ്ണത്തിൽ കൂടുതൽ അപേക്ഷകൾ കുടിശ്ശികയുള്ള ഓഫിസുകളിൽ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽനിന്ന് ഒരു യൂനിറ്റ് കൂടി അനുവദിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഒരു എം.വി.ഐയും രണ്ട് അസി.എം.വി.ഐമാരും ഉൾപ്പെടുന്നതാണ് ഒരു യൂനിറ്റ്.
നിലവിൽ ഒരു യൂനിറ്റുള്ള ഓഫിസുകളിൽ പ്രതിദിനം 40 അപേക്ഷകളും രണ്ട് യൂനിറ്റുള്ള ഓഫിസുകളിൽ 80 അപേക്ഷകളുമാണ് പരിഗണിക്കുന്നത്. ഇവിടങ്ങളിൽ 3000ത്തിൽ കൂടുതൽ അപേക്ഷകളുണ്ടെങ്കിൽ എൻഫോഴ്സ്മെന്‍റിൽനിന്ന് ഒരു യൂനിറ്റ് കൂടിയെത്തും. ഡ്രൈവിങ് പഠിപ്പിക്കുന്ന വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തിയതാണ് മറ്റൊരു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.