ഡ്രൈവിങ് ലൈസൻസിന് കൂടുതൽ കടമ്പകൾ
text_fieldsകണ്ണൂര്‍: ഡ്രൈവിങ് പരിഷ്കരണ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡ്രൈവിങ് സ്കൂൾ ഉടമകൾ. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ഗതാഗത വകുപ്പ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന പരാതി ലൈസൻസ് എടുക്കാനെത്തുന്നവർക്കും ഡ്രൈവിങ് സ്കൂൾ ഉടമകൾക്കുമുണ്ട്.
മേയ് ഒന്നു മുതൽ ഡ്രൈവിങ് പരിഷ്കരണം കൊണ്ടുവരാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു എം.വി.ഐക്ക് കീഴിൽ ഒരുദിവസം പരമാവധി 30 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. ഇത് ലൈസൻസ് ലഭിക്കാനുള്ള അവസരം മൂന്നിലൊന്നായി കുറക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
നിലവിൽ ജില്ലയിലെ അഞ്ച് ട്രാൻസ്പോർട്ട് ഓഫിസുകളുടെ പരിധിയിൽ 480 പേർക്ക് ഒരു ദിവസം ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കാൻ അവസരമുണ്ട്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് ഓഫിസുകളിൽ 120 വീതവും ഇരിട്ടിയിലും പയ്യന്നൂരും 60 വീതവുമാണ് സ്ലോട്ടുകൾ അനുവദിക്കുന്നത്. ഓൺലൈനിൽ സ്ലോട്ട് നൽകിയാണ് അപേക്ഷകർക്ക് ടെസ്റ്റിന് ദിവസം നൽകുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വിദേശത്ത് പോകാനും സർക്കാർ സർവിസുകളിൽ ഡ്രൈവറായി നിയമനം ലഭിക്കാനും അടക്കം നിരവധി ഉദ്യോഗാർഥികളാണ് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നൽകുന്നത്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞശേഷം മൂന്നു മാസത്തോളം കഴിഞ്ഞാണ് ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ ഇതിനിയും വൈകും.
ആധുനിക രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് വകുപ്പ് തീരുമാനം. എന്നാൽ, ഇതിനാവശ്യമായ ടെസ്റ്റ് ഗ്രൗണ്ടുകൾ ജില്ലയിലില്ല. കണ്ണൂരും തളിപ്പറമ്പിലും മാത്രമാണ് സർക്കാറിനു കീഴിൽ ഇത്തരം ഗ്രൗണ്ടുകളുള്ളത്. തളിപ്പറമ്പില്‍ ആറുകോടി ചെലവിട്ട് ലോകോത്തര നിലവാരത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സംവിധാനം ഒരുക്കിയെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനസജ്ജമല്ല.
ബാക്കിയുള്ളയിടങ്ങളിൽ അമ്പലപ്പറമ്പിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമെല്ലാം താൽക്കാലികമായി ഒരുക്കിയ ഗ്രൗണ്ടുകളാണ് ഉള്ളത്. ഇതിന് വാടകയടക്കം നൽകുന്നത് ഡ്രൈവിങ് സ്കൂളുകളാണെന്ന് ഉടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.