ബേളയിലെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനിൽ വണ്ടി അനങ്ങുമോ?
text_fieldsബദിയടുക്ക: ബേളയിൽ നിർമിച്ച മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനിൽ വണ്ടി അനങ്ങാൻ വകുപ്പ് മന്ത്രിയുടെ മാറ്റം ഗുണമുണ്ടാകുമോ എന്നതാണ് ജനം ചോദിക്കുന്നത്. കോടികൾ ചെലവിട്ട് ജർമൻ സാങ്കേതികവിദ്യയിൽ ബേളയിൽ നിർമിച്ച മോട്ടോർ വാഹനവകുപ്പിന്റെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനിൽ വണ്ടി അനങ്ങാൻ ജർമനിയിൽനിന്ന് ആളെത്തണമെന്നാണ് സംസാരം. കോവിഡിന് മുമ്പുതന്നെ പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു.
കോവിഡിൽ അന്തർശേദീയ യാത്രകൾ നിലച്ചതോടെ പരിശീലനം നൽകാൻ ജർമനിയിൽനിന്നുള്ള വിദഗ്ധർക്ക് കേരളത്തിലേക്ക് എത്താൻ കഴിയാത്തതാണ് ടെസ്റ്റ് സ്റ്റേഷൻ തുറക്കാൻ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ കോവിഡ് കഴിഞ്ഞ് ഏറെക്കാലമായി. രണ്ട് മന്ത്രിമാരുടെ മാറ്റം ഉണ്ടായെങ്കിലും കോടികൾ ചെലവാക്കിയ പദ്ധതി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനായിട്ടില്ല. പുതിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പൂർത്തിയായ പദ്ധതിയുടെ അനിശ്ചിതത്വത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്.
4.2 കോടി ചെലവിൽ സർക്കാർ നൽകിയ ഒന്നരയേക്കറിൽ നിർമിച്ച ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനും കമ്പ്യൂട്ടർവത്കൃത വാഹന പരിശോധനയും കെട്ടിടങ്ങളും അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
ടെസ്റ്റ് ഗ്രൗണ്ടിൽ 50ൽ അധികം കാമറകൾ സ്ഥാപിച്ചു. ഇവ ഡ്രൈവിങ് ടെസ്റ്റിനു ഉപയോഗിക്കാതെ വെയിലും മഴയുമേറ്റ് നശിക്കാനിടയാക്കി. കാമറകളും ഇതുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും നശിച്ച് കൊണ്ടിരിക്കുകയാണ്. കിറ്റ്കോയുടെ കൺസൾട്ടൻസിയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചത്. 2021 ജനുവരിയിൽ പ്രവൃത്തി പൂർത്തീകരിച്ച് ഇവർ ഗ്രൗണ്ട് കൈമാറി. ഇത്തരത്തിൽ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതിന് സാഹചര്യമൊക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് സംഘം വ്യക്തമാക്കിയിരുന്നു. അതും കടലാസിൽ ഒതുങ്ങിയ സ്ഥിതിയാണ്. അത്യാധുനിക ജർമൻ സാങ്കേതികവിദ്യയിലാണ് സ്റ്റേഷൻ നിർമിച്ചതെങ്കിലും അവിടെയെത്താൻ നല്ലൊരു റോഡ് ഇല്ലാത്തതും തുടക്കത്തിൽതന്നെ വിവാദം സൃഷ്ടിച്ചിരുന്നു.
ബേള കുമാരമംഗലം ക്ഷേത്രത്തിന് പിറകുവശത്താണ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ടാറിട്ട റോഡുണ്ട്. അവിടെനിന്ന് സ്റ്റേഷനിലേക്കുള്ള 50 മീറ്ററിലേറെ ദൂരം കുഴികൾ നിറഞ്ഞ മൺപാതയാണ്. ലൈസൻസ് നേടി സ്വന്തം വണ്ടിയിൽ ആവേശത്തിൽ ചാടിക്കയറി ഓടിക്കുന്നവർ റോഡിന്റെ അവസ്ഥ കാരണം ഉരുണ്ടുവീഴാൻ സാധ്യതകളേറെയുണ്ട്. ഇതിനും മാറ്റം വേണം. എല്ലാത്തിനും പുതുതായി വന്ന വകുപ്പ് മന്ത്രി ശ്രദ്ധ ചെലുത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.