ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത് മുക്കാൽ ലക്ഷം ടെസ്റ്റുകൾ
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പും സമരക്കാരും കടുംപിടുത്തം തുടർന്നതോടെ ഡ്രെവിങ് ടെസ്റ്റിലെ അനിശ്ചിതത്വം കനക്കുന്നു. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മിക്ക സ്ഥലത്തും ടെസ്റ്റ് മുടങ്ങി. ഒമ്പത് ദിവസമായി തുടരുന്ന സമരത്തില്‍ 75,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്. പൊലീസ് കാവലിൽ ടെസ്റ്റ് നടത്താനുള്ള ശ്രമവും വിജയംകണ്ടില്ല.
തൃശൂര്‍ അത്താണിയില്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ശവക്കുഴി ഒരുക്കിയായിരുന്നു സമരം. താമരശേരിയിലും കൊല്ലം ആശ്രാമത്തും പ്രതിഷേധത്തിന്റെ ഭാഗമായി കഞ്ഞിവെച്ചു. കൊല്ലം ചിറ്റുമൂലയില്‍ പഴയ വാഹനങ്ങള്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടും തിരുവനന്തപുരം മുട്ടത്തറയില്‍ റോഡില്‍ കിടന്നും പ്രതിഷേധം നടന്നു. മലമ്പുഴയില്‍ ഡ്രൈവിങ് സ്കൂളുകാര് കപ്പയും കട്ടന്‍ചായയും ഒരുക്കിയാണ് സമരം ചെയ്ത്.
അതേസമയം വെള്ളിയാഴ്ച വിവിധ ഓഫിസുകളിലായി 86 അപേക്ഷകരെത്തിയെന്ന് അധികൃതർ പറയുന്നു. ഇതില്‍ 84 പേര് ടെസ്റ്റില്‍ പങ്കെടുത്തു. ഇതില്‍ 63 പുതിയ അപേക്ഷകളാണ്. വെള്ളിയാഴ്ച ചടയമംഗലത്ത് മാത്രമാണ് ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തില്‍ ടെസ്റ്റ് നടന്നത്.
ഇതിനിടെ ഡ്രൈവിങ് ടെസ്റ്റ് നടത്താനായി കെ.എസ്.ആര്.ടി.സി നല്കിയ സ്ഥലം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കി. ടെസ്റ്റ് നടത്താന്‍ കഴിയുംവിധത്തിൽ ഇവിടങ്ങളിൽ ക്രമീകരണം വേണം. കഴക്കൂട്ടം, ചാത്തന്നൂര്‍, പന്തളം, എടത്വ, തേവര, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നിലമ്പൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഉടന്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഭൂമിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.