കുട്ടിയെ മടിയിൽ ഇരുത്തി ഡ്രൈവിങ്: ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു
text_fieldsകരുനാഗപ്പള്ളി: കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. കരുനാഗപ്പള്ളി-പന്തളം റൂട്ടിൽ സർവിസ് നടത്തുന്ന ലീനാമോൾ ബസിന്റെ ഡ്രൈവർ അൻസിലിന്റെ ലൈസൻസാണ് ആർ.ടി.ഒ റദ്ദ് ചെയ്തത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൻസിലിന്റെ സുഹൃത്തിന്റെ രണ്ടു വയസ്സുള്ള കുട്ടിയെ മടിയിൽ ഇരുത്തി ബസ് ഡ്രൈവ് ചെയ്യുന്ന വിഡിയോ പിന്നീട് നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാഹനത്തിന്റെ ഉടമയെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
യാത്രക്കാരുമായുള്ള യാത്രക്കിടയിലല്ലെന്നും വർക്ഷോപ്പിൽനിന്ന് വാഹനം തിരികെ എടുത്തുകൊണ്ടുവരുന്ന സന്ദർഭത്തിലാണ് ഇത്തരത്തിൽ വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ, റോഡിൽ മറ്റ് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന തരത്തിലും അപകടകരമായ രീതിയിലും ഡ്രൈവിങ് നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നിയമനടപടിയുടെ ഭാഗമായാണ് കരുനാഗപ്പള്ളി ജോയന്റ് ആർ.ടി.ഒ അനിൽ ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.