മെത്രാപ്പോലീത്തയുടേത് രാജ്യത്തിനായുള്ള സമർപ്പിത ജീവിതം -പ്രധാനമന്ത്രി
text_fieldsതിരുവല്ല: മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനായുള്ള സമർപ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെത്രാപ്പോലീത്തയുടെ നവതിയാഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യമെടുത്ത തീരുമാനങ്ങളിൽ ഇതുവരെ ലഭിച്ചത് ആശാവഹമായ ഫലങ്ങളാണ്. ജാഗ്രത തുടരണമെന്നും രാജ്യത്തിെൻറ ഉന്നമനത്തിനായി സാമ്പത്തിക ഉത്തേജനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. രാജ്യപുരോഗതിക്കായി നരേന്ദ്രമോദി നടത്തുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകൾ.
കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മൻ, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. ഉഷാ ടൈറ്റസ്, അക്കീരമൺ കാളിദാസ ഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് , ആേൻറാ ആൻറണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി ജെ കുര്യൻ, ജില്ലാ കലക്ടർ പി.ബി. നൂഹ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈദിക ട്രസ്റ്റി റവ.തോമസ് കെ. അലക്‌സാണ്ടർ, അത്മായ ട്രസ്റ്റി പി.പി. അച്ഛൻ കുഞ്ഞ് എന്നിവർ മംഗളപത്രം സമർപ്പിച്ചു. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന സമിതിയംഗം ടി.ആർ. അജിത് കുമാർ, ജില്ലാ സെൽ കോ- ഓർഡിനേറ്റർ വിനോദ് തിരുമൂലപുരം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. രാവിലെ എട്ടിന് പുലത്തീൻ ചാപ്പലിൽ നടന്ന സ്തോത്ര ശ്രുശൂഷയോടും കുർബ്ബാനയോടും കൂടിയായിരുന്നു നവതി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.