നിലപാടുകളിൽ ഉറച്ചുനിന്ന പച്ച മനുഷ്യൻ
text_fieldsനിലപാടുകളിൽ ഉറച്ചുനിന്ന പച്ചയായ മനുഷ്യനെയാണ് ഡോ. എം. കുഞ്ഞാമന്റെ വേർപാടിലൂടെ നഷ്ടമായത്. സമൂഹത്തിലെ ജീർണതകളിൽ നിന്നെല്ലാം അകന്ന് സത്യസന്ധതയുടെയും നന്മയുടെയും പക്ഷത്ത് സഞ്ചരിക്കുകയായിരുന്നു കുഞ്ഞാമൻ.
ആഴത്തിലുള്ള വായനയും നിരീക്ഷണവും സാമ്പത്തിക വിദഗ്ധനെന്ന നിലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഉപരിപ്ലവത തീണ്ടിയിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സാമ്പത്തിക ശാസ്ത്രത്തിൽ മാത്രമല്ല, മനുഷ്യനെ ബാധിക്കുന്ന വിഷയങ്ങൾ പ്രതിപാദിക്കുന്ന എല്ലാത്തിനെയും കുറിച്ച് അറിയാൻ ശ്രമിച്ചു. ആധികാരിക ഗ്രന്ഥങ്ങൾ നന്നായി വായിച്ചു. അങ്ങനെ ആർജിച്ച അറിവുകൾ പങ്കുവെച്ചു. വിദ്യാർഥികളോട് സമയം ചെലവിടാനും അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും കഴിഞ്ഞത് അതുകൊണ്ടാണ്. പണ്ഡിതനായിരുന്നെങ്കിലും അത് സ്വയം വിളിച്ചു പറയാതെ എഴുത്തിലും പ്രഭാഷണത്തിലും പാണ്ഡിത്യം തെളിയിച്ച അപൂർവ വ്യക്തിയായിരുന്നു കുഞ്ഞാമൻ.
കഷ്ടതകളിൽ നിന്ന് ഉയർന്നുവന്ന ശക്തിസോത്രസ്സും മാതൃകയുമായി അദ്ദേഹത്തെ വിശേഷിപ്പിക്കാം. അധികമാരിലും കാണാത്ത വല്ലാത്തൊരു മനുഷ്യഗുണം ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. ഒരു ആദിവാസി സമരത്തിന് എന്നെ അദ്ദേഹം ക്ഷണിച്ചിരുന്നു. അന്ന് ഞാൻ ഡൽഹിയിലായിരുന്നു. നാട്ടിലെത്തിയപ്പോൾ കുഞ്ഞാമനൊപ്പം പോയി സമരത്തിൽ പങ്കെടുത്തു. സമരത്തെ പിന്തുണച്ചു. എന്തെങ്കിലും പ്രായാസമുള്ളപ്പോൾ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, പെട്ടെന്നുള്ള ഈ വേർപാട് അറിഞ്ഞപ്പോൾ മനുഷ്യത്വം മറയുന്ന പോലെയാണ് തോന്നുന്നത്.
കുഞ്ഞാമനെ കാര്യവട്ടം കാമ്പസിൽ അധ്യാപകനയി സെലക്ട് ചെയ്യുന്ന കമ്മിറ്റിയിൽ ഞാനുണ്ടായിരുന്നു. അധ്യാപക ജോലിയിൽ പ്രവേശിക്കാനിടയായ സാഹചര്യം പറയുമ്പോൾ എപ്പോഴും എന്നെ പരാമർശിക്കാറുണ്ട്; നല്ല മനുഷ്യൻ. ആത്മാർഥതയുള്ള മനുഷ്യസ്നേഹി, സുഹൃത്ത്. സംഭവിക്കാൻ പാടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം വിടപറഞ്ഞതിൽ അതിയായ വേദനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.