സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂർത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേദിയിൽ ഹാജരാകാതിരുന്നാൽ മത്സരാർഥികളെ അയോഗ്യരാക്കും. ആദ്യ നമ്പറുകാരായി മത്സരിക്കാൻ പലരും മടികാട്ടുകയും മാറിനിൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതു മത്സര ഷെഡ്യൂളിനെ ബാധിക്കുന്നതിനാലാണ് നമ്പർ വിളിക്കുമ്പോൾതന്നെ വേദിയിൽ എത്തണമെന്ന് കർശന നിർദേശം നൽകിയത്. ഇതുവരെ പതിനായിരത്തോളം മത്സരാർഥികൾ പേര് രജിസ്റ്റർ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവം പൂർണമായും മാലിന്യമുക്തമായി നടത്തുന്നതിന് മുന്നോടിയായുള്ള ക്ലീൻ ഡ്രൈവും ഹരിത വിളംബര ജാഥയും കൊല്ലത്ത് നടന്നു. 1500 വളന്‍റിയർമാരും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. സ്വകാര്യ ഓഡിറ്റോറിയങ്ങൾ ഒഴികെയുള്ള വേദികളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുകയാണ്. തിങ്കളാഴ്ച അവ പൂർത്തീകരിച്ച് സംഘാടക സമിതിക്ക് കൈമാറും.
60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.