വനം കാക്കാന്‍ ഇനി ഡ്രോണും
text_fieldsഅടിമാലി: വനം കൈയേറ്റവും നശീകരണവും മൃഗവേട്ടയും തടയാൻ ജില്ലയിൽ ഇനിമുതൽ ഡ്രോൺ നിരീക്ഷണവും. മൂന്നാര്‍ വനം ഡിവിഷനുകീഴിലാണ് അത്യാധുനിക സൗകര്യമുള്ള ഡ്രോണ്‍ വരുന്നത്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുന്നതാകും ഡ്രോൺ.
കണ്ട്രോൾ റൂമില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് വിവരങ്ങള്‍ കൈമാറാനും ഇതിൽ സംവിധാനമുണ്ടാകും. അത്യാവശ്യ ഘട്ടങ്ങളില്‍ രാത്രിയില്‍ വനത്തില്‍ വെളിച്ചമെത്തിക്കാനും മൂന്നര കിലോ ഭക്ഷണവും വഹിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും. ഒറ്റ ചാര്‍ജില്‍ അഞ്ചുമണിക്കൂര്‍ പറക്കും.
ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ എത്തിയാല്‍ ജി.പി.എസ് സംവിധാനത്തിലൂടെ അധികൃതര്‍ക്ക് വിവരം കൈമാറും. വനത്തിലേക്ക് ആരെങ്കിലും അതിക്രമിച്ച് കയറിയാലും വന്യ മൃഗവേട്ടക്കാര്‍ വനത്തില്‍ കടന്നാലും ഉടന്‍ വിവരം ബന്ധപ്പെട്ടവരിലേക്ക് എത്തിക്കും. വന്യജീവി സംഘര്‍ഷം കൂടുതലുള്ള അടിമാലി കേന്ദ്രീകരിച്ചാകും ഡ്രോണ്‍ പ്രവര്‍ത്തിക്കുകയെന്ന് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ്, അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്കുമാര്‍ എന്നിവര്‍ പറഞ്ഞു.
കാട്ടുപോത്ത് കൊല്ലപ്പെട്ട നെല്ലിപ്പാറ വനമേഖലയില്‍ പരീക്ഷണാർഥം നടത്തിയ ഡ്രോൺ നിരീക്ഷണം വിജയകരമായിരുന്നു. വനത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിനുവരെ ഡ്രോണ്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.
20 ലക്ഷത്തിനുമുകളിൽ വിലയുള്ള ഡ്രോൺ ഉപയോഗിച്ച് വനത്തില്‍ സര്‍വേ നടത്താനും സൗകര്യമുണ്ട്. ആദിവാസി ഭൂമി കൈവശപ്പെടുത്തി കൃഷി ഇറക്കുന്നവരെ ഉൾപ്പെടെ കണ്ടെത്താനും ഇത് സഹായകമാകും.
സാഹസിക വിനോദ സഞ്ചാരത്തിനിടെ കഴിഞ്ഞമാസം പള്ളിവാസലില്‍ യുവാവ് 600 അടി താഴ്ചയിലേക്ക് വീണ് മരിച്ചിരുന്നു. മറ്റൊരു യുവാവ് വനത്തില്‍ കുടുങ്ങുകയും ചെയ്തു. ഇത്തരം ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ഡ്രോണ്‍ ഉപകാരപ്പെടും. അടിമാലി റേഞ്ച് ഓഫിസിലായിരിക്കും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.