കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു
text_fieldsതൊടുപുഴ: കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ദുരന്തഫലങ്ങളിലൂടെ കടന്നുപോകുന്ന കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി താഴുന്നതായി കണ്ടത്തെല്‍. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡാണ് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പ്രധാനമായും ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നത്. മഴക്കുറവും ഭൂഗര്‍ഭ ജലത്തിന്‍െറ അമിത ചൂഷണവും സമീപഭാവിയില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് 14 ജില്ലകളിലെയും ജലനിരപ്പിനെക്കുറിച്ച് വിശദ പഠനം നടത്തിയത്. സാധാരണ ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന രേഖപ്പെടുത്തേണ്ട ആഗസ്റ്റില്‍ ജലനിരപ്പ് ആശങ്കപ്പെടുത്തുംവിധം താഴാനിടയാക്കിയത് അതീവ ദുര്‍ബലമായ കാലവര്‍ഷത്തെ തുടര്‍ന്നാണ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1373 കിണറുകളിലെ കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെയും ഈവര്‍ഷം ആഗസ്റ്റിലെയും ജലനിരപ്പാണ് താരതമ്യപഠനത്തിന് അടിസ്ഥാനമാക്കിയത്. ഇവയില്‍ 822 കിണറുകളിലും കഴിഞ്ഞവര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് ജലനിരപ്പ് താഴ്ന്നതായി കണ്ടത്തെി.
ഇടുക്കിയില്‍ പഠനം നടത്തിയ 72 കിണറുകളില്‍ 51 എണ്ണത്തിലും കോട്ടയത്ത് നൂറില്‍ 93ലും പത്തനംതിട്ടയില്‍ 84ല്‍ 55ലും എറണാകുളത്ത് 125ല്‍ 72ലും മലപ്പുറത്ത് 106ല്‍ 68ലും പാലക്കാട് 120ല്‍ 98ലും തിരുവനന്തപുരത്ത് 116ല്‍ 71ലും തൃശൂരില്‍ 116ല്‍ 93ലും വയനാട്ടില്‍ 63ല്‍ 38ലും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഇക്കാലയളവില്‍ പാലക്കാട് 13.17 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വയനാട് 9.59 മീറ്റര്‍, കൊല്ലം 9.42, പത്തനംതിട്ട 8.55, തിരുവനന്തപുരം 6.60, കാസര്‍കോട് 6.60, എറണാകുളം 5.60, കണ്ണൂര്‍ 4.80, തൃശൂര്‍ 4.63, കോട്ടയം 4, ഇടുക്കി 2.22, കോഴിക്കോട് 1.91, ആലപ്പുഴ 1.50 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ പരമാവധി ജലനിരപ്പ് താഴ്ന്നത്. മേയ് മുതല്‍ ആഗസ്റ്റ് വരെ കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ ഇത്തവണയുണ്ടായ അസാധാരണമായ കുറവാണ് ജലനിരപ്പിനെ ബാധിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയ കിണറുകളില്‍ 88.62 ശതമാനത്തിലും ജലനിരപ്പ് തറനിരപ്പില്‍നിന്ന് 0.1 മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ താഴെയാണെന്നും പഠനത്തില്‍ കണ്ടത്തെി.
തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇത് 20 മീറ്റര്‍ വരെ താഴെയാണ്. എറണാകുളം, കൊല്ലം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ 50 ശതമാനത്തിലധികം കിണറുകളിലും ഇത് അഞ്ച് മീറ്ററിനും പത്ത് മീറ്ററിനും ഇടയിലാണ്. കേരളത്തിലെ കിണര്‍വെള്ളത്തിന്‍െറ ഗുണനിലവാരം സംബന്ധിച്ച പഠനം അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുമെന്ന് കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജനല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.