വരള്‍ച്ച മുന്നൊരുക്കം: താൽക്കാലിക തടയണകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം
text_fieldsകൽപറ്റ: വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റു ജലാശയങ്ങളിലും പരമാവധി താൽക്കാലിക തടയണകള്‍ നിര്‍മിക്കാന്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വഹണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
ചെക്ഡാമുകളിലും താൽക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും. ടാങ്കറുകളില്‍ വെള്ളം വീടുകളിലെത്തിക്കുകയും കിയോസ്ക്കുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും.
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഉപയോഗശൂന്യമായ കിണറുകളും കുളങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണം. കോളനികളിലെ ഹാന്‍ഡ് ബോറുകള്‍ റിപ്പയര്‍ ചെയ്യണം. ബാണാസുര, കാരാപ്പുഴ ഡാമുകളില്‍നിന്ന് ആവശ്യാനുസരണം വെള്ളം തുറന്നുവിടാനും യോഗം തീരുമാനിച്ചു.
ബാണാസുര ഡാം ഉടന്‍ തുറക്കുന്നതിന് അനുമതി നല്‍കും. ലഭ്യമായ വെള്ളം ന്യായയുക്തമായ രീതിയില്‍ ചെലവഴിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ കര്‍ഷകരും പ്ലാൻറര്മാരും മറ്റും ഉള്‍പ്പെട്ട തര്‍ക്കങ്ങളില്‍ ചെറുകിട ജലസേചന വിഭാഗത്തില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി അതടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കണം.
മേയ് വരെ ജില്ലയില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് പൂര്‍ണമായി നിരോധിച്ചു. ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ടി. ജനില്‍ കുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.