സുന്ദരമാണ് സുരക്ഷയുണ്ടേൽ; മാർമല അരുവിയിൽ മുങ്ങിമരണം പതിവാകുന്നു
text_fieldsഈരാറ്റുപേട്ട: പ്രകൃതിരമണീയമായ മാർമല അരുവിയിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം മുങ്ങിമരണങ്ങളുടെ എണ്ണവും ഉയരുന്നു. സഞ്ചാരികളുടെ വരവിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്തതാണ് പ്രശ്നം. യുവാക്കളുടെ സാഹസികതയാണ് പലപ്പോഴും അപകട മരണങ്ങൾക്ക് കാരണമാകുന്നത്.
കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും രാത്രിയിൽ പോലും ഇവിടെ സന്ദർശകർ വരാറുണ്ട്. ഹൈദരാബാദ് സ്വദേശി നിർമൽ, മഹാരാഷ്ട്ര സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ അഭിഷേക്, ബംഗളൂരു സ്വദേശി അഫലേഷ്, തമിഴ്നാട് സ്വദേശി മനോജ് കുമാർ എന്നിവരടക്കം ഒന്നര വർഷത്തിനിടെ ഏഴുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
മരണം വാർത്തകളാകുമ്പോഴും കാര്യമായ നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ല. മാർമലയിലെ പാർക്കിങ് സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡ് മാത്രമാണ് അപകടസാഹചര്യം മനസ്സിലാക്കാനുള്ള ഏക മാർഗം. പലരും ഇത് ശ്രദ്ധിക്കാറുപോലുമില്ല. സന്ദർശനം നിയന്ത്രണവിധേയമാക്കണമെന്നും പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല. ഏറ്റവും കൂടുതൽ വിനോദ സഞ്ചാര പ്രദേശങ്ങൾ ഉൾപ്പെട്ട പഞ്ചായത്തുകളാണ് തീക്കോയി, തലനാട് പഞ്ചായത്തുകൾ. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻപരിധിയിലുൾപ്പെട്ട ഈ പ്രദേശങ്ങൾ പൊലീസ് സ്റ്റേഷനിൽനിന്ന് വളരെ അകലെയാണ്. തീക്കോയി, തലനാട് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുത്തി തീക്കോയിയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴക്കാലത്ത് അപകട സാധ്യതയേറെ
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം വിസ്മയകരമാണ്. മഴക്കാലത്ത് അപകട സാധ്യതയേറെയുള്ള കേന്ദ്രമാണ് മാർമല അരുവി. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ മതിയായ റോഡ് സൗകര്യം ഇല്ല. ഇല്ലിക്കക്കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്ണും കണ്ടു മടങ്ങുന്നവർ ഇവിടെക്കൂടി സന്ദർശിച്ചാണ് മടങ്ങാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.