കേട്ടു പഠിച്ചതൊക്കെ 'കാണാതെ' പഠിപ്പിക്കുകയാണ് ഡോ. പി. രോഹിത്
text_fieldsകോട്ടയം: കേട്ടറിഞ്ഞ് പഠിച്ചതൊക്കെയും 'കാണാതെ' പഠിപ്പിക്കുകയാണ് ഡോ. പി. രോഹിത് എന്ന അധ്യാപകൻ. കാഴ്ചയില്ലാത്ത ലോകത്തെ തോൽപിച്ച് അറിവിന്‍റെ ലോകത്തേക്ക് അദ്ദേഹം നടന്നുകയറിയപ്പോൾ അതൊരു ചരിത്രനേട്ടമായി. എം.ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി. രോഹിത് ചുമതലയേറ്റത്. സർവകലാശാല തലത്തിൽ കാഴ്ച പരിമിതിയുള്ളവരിൽനിന്ന് അസോസിയേറ്റ് പ്രഫസറായി നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ ആളാണ് ഇദ്ദേഹം. മലപ്പുറം തിരൂർ പച്ചാട്ടിരി സ്വദേശിയാണ്.
പത്തുവയസ്സുവരെ കാഴ്ചയുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടത്. അപ്രതീക്ഷിതമായി കടന്നുവന്ന ഇരുട്ട് ജീവിതം തകിടം മറിച്ചെങ്കിലും വീട്ടുകാരും അധ്യാപകരും സുഹൃത്തുക്കളുമടക്കം കൈ പിടിച്ച് കൂടെ നടന്നതോടെ അതിനെ അതിജീവിച്ചു. തിരൂർ ഫാത്തിമമാതാ സ്കൂളിലായിരുന്നു പത്തുവരെ പഠനം. ഫാറൂഖ് കോളജിൽനിന്ന് പ്രീഡിഗ്രിയും ബി.എ ഇംഗ്ലീഷ്, എം.എ ഇംഗ്ലീഷ്, ബി.എഡ് എന്നിവ നേടി.
ബ്രെയിൽ ലിപി വഴങ്ങാത്തതിനാൽ കേട്ടുപഠനം തന്നെയായിരുന്നു ആശ്രയം. കാസറ്റിൽ റെക്കോഡ് ചെയ്തും ക്ലാസുകൾ കേട്ടു. കോളജുകാലത്ത് രാഷ്ട്രീയം, സിനിമ, കായികം എന്നിവയൊക്കെ ഇഷ്ടവിഷയങ്ങളായി. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലായിരുന്നു എം.ഫിലും പിഎച്ച്.ഡിയും. 2009 മുതൽ ഡൽഹി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രഫസറായിരുന്നു. 2020ലാണ് എം.ജി സർവകലാശാല തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2021 ഇന്‍റർവ്യൂ കഴിഞ്ഞു.
പി.ഇ. ഉണ്ണികൃഷ്ണന്‍റെയും പി. വിലാസിനിയുടെയും മകനാണ്. മിനിയാണ് ഭാര്യ. മകൻ നവനീതകൃഷ്ണൻ. രോഹിത്തിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സമൂഹത്തിൽ കാലങ്ങളായി ഓരത്തുനിൽക്കേണ്ടിവരുന്നവരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന ചരിത്രകാൽവെപ്പാണ് രോഹിത്തിന്‍റെ നിയമനമെന്ന് മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.