സംഘികൾ അതു ചെയ്യട്ടെ, യുഡിഎഫ് ഒപ്പം ചേരേണ്ടതുണ്ടോ? -ഡോ. തോമസ് ഐസക്
text_fieldsകൊച്ചി: വയനാട്ടിലെ രക്ഷാപ്രവർത്തന ചെലവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉന്നയിക്കുന്ന ആരോപണങ്ങൾ യു.ഡി.എഫ് ഏറ്റുപിടിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ നാശനഷ്ടവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച പ്രതീക്ഷിത ചെലവിനെ ചൊല്ലിയുള്ള വിവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിർമ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
2012ൽ കേരളത്തിൽ വരൾച്ച ഉണ്ടായപ്പോൾ ഏത് മാനദണ്ഡ പ്രകാരമാണ് യു.ഡി.എഫ് സർക്കാർ 19,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതെന്ന് ഇപ്പോഴത്തെ നഷ്ടക്കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ ഇത്രയും തുക സർക്കാർ എഴുതി എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറയരുത്. കേന്ദ്ര സർക്കാരിനു നൽകിയ ഈ നിവേദനത്തെ കേന്ദ്ര സംഘം വിലയിരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ അനുവദിക്കുന്ന തുകയിൽ നിന്ന് യഥാർത്ഥത്തിൽ ചെലവായ തുക കേരള സർക്കാരിനു റീഇംബേഴ്സ് ചെയ്യുകയാണു നടപടി ക്രമം. ഇതല്ലേ എക്കാലത്തും ഉണ്ടായിട്ടുള്ളത്?
ഇന്നത്തെ കേരളകൗമുദി റിപ്പോർട്ട് അവസാനിക്കുന്നത് ഈ വിവാദം കേന്ദ്ര സഹായം ലഭിക്കുന്നതിന് കുരുക്കായി മാറുമെന്ന് പറഞ്ഞുകൊണ്ടാണ്. സംഘികൾ അതു ചെയ്യട്ടെ. അതിനോടൊപ്പം യുഡിഎഫ് ചേരേണ്ടതുണ്ടോ? -മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
‘2012 മുതൽ കേരളം ദുരന്തനിവാരണനിധിയിൽ നിന്ന് അധിക സഹായം തേടിയ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങേയ്ക്കു തന്നെ അവ പരിശോധിക്കാം. എൽഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിച്ചപ്പോഴും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നതിന് ഒരേ സമ്പ്രദായമാണ് അനുവർത്തിക്കുന്നത്. എസ്ഡിആർഎഫ് മാനദണ്ഡ പ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. അതുപ്രകാരം 10 ഇനങ്ങൾക്കുള്ള മൊത്തം ചെലവ് 214 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തിനുണ്ടാകുന്ന പ്രതീക്ഷിത നഷ്ടമാകട്ടെ 524 കോടി രൂപയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തിനു മുഖ്യകാരണം ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിർമ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇനം മാറ്റിയാൽ രണ്ട് മതിപ്പുകണക്കും തമ്മിലുള്ള വ്യത്യാസം 90 കോടി രൂപയായി കുറയും.
പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. ആക്ച്വലായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 47 കോടി രൂപ ആപത് മിത്ര-സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകർക്കും പൊലീസ്, സേന വിഭാഗങ്ങൾക്കും പ്രതീക്ഷിക്കുന്ന ചെലവാണ്. സാധാരണ സന്നദ്ധപ്രവർത്തകർക്കും ചെലവ് വന്നിട്ടുണ്ടെങ്കിൽ അതും ഇതിൽ ഉൾപ്പെടും. 21 കോടി രൂപ യന്ത്രങ്ങൾക്കുള്ള വാടക ചെലവാണ്. 34 കോടി രൂപ ദുരിതാശ്വാസ ക്യാമ്പുകളുടെ മൊത്തം പ്രതീക്ഷിത ചെലവാണ്. ഇതൊക്കെ ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളോടു പറയട്ടെ - 2018-ൽ 30,000-ത്തിൽപ്പരം കോടിയുടെ ആയിരുന്നു നഷ്ടം. 6000 കോടിയുടെ ധനസഹായമാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. 2914 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ചു!’ -തോമസ് ഐസക് പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ നാശനഷ്ടവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് 1202 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച കണക്കിൽ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള വാഹനങ്ങൾക്ക് 12 കോടിയും 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 75,000 രൂപ വീതം 2.77 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. വയനാട് ദുരന്തത്തെതുടർന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കേന്ദ്രസഹായത്തിനായി തയാറാക്കിയ ‘മെമോറാണ്ടം -കേരള’ എന്ന രേഖയിലെ കണക്ക് അടക്കമാണ് കോടതിയിൽ സമർപ്പിച്ചത്.
രക്ഷാപ്രവർത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രക്കുമായി 6.5 കോടി ചെലവാകുമെന്ന് ഇതിൽ പറയുന്നു. വ്യോമസേനയുടെ എയർലിഫ്ടിങ് ദൗത്യത്തിന് 17 കോടി നൽകേണ്ടിവരും. സൈന്യം പണിത ബെയ്ലി പാലവുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ ചെലവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേർക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയുമേ വേണ്ടിവരൂ എന്നാണ് ദുരന്തനിവാരണ അതോറിറ്റി കണക്കാക്കുന്നത്. 14 ക്യാമ്പുകൾ ഒരുമാസം പ്രവർത്തിക്കുമ്പോൾ ഭക്ഷണത്തിന് എട്ടുകോടി, വസ്ത്രത്തിന് 11 കോടി, ആരോഗ്യ സേവനത്തിന് എട്ടുകോടി, ജനറേറ്ററിന് ഏഴുകോടി എന്നിങ്ങനെ ചെലവാകും. ഡി.എൻ.എ പരിശോധനയുമായി ബന്ധപ്പെട്ട് മൂന്നുകോടിയാണ് ചെലവ് വരുക. 2010 പേർ വീടുകളിലേക്ക് മടങ്ങുന്നതുവരെ മൂന്നു മാസത്തേക്ക് ദിവസേന 300 രൂപ വീതം ചെലവുവരുന്നത് 5.43 കോടിയാണ്. മഴക്കോട്ട്, കുട, ബൂട്ട്, ടോർച്ച് എന്നിവക്ക് 2.98 കോടി, ഡ്രോണുകൾക്ക് മൂന്നുകോടി, മണ്ണുമാന്തികൾക്ക് 15 കോടി എന്നിങ്ങനെയും സർക്കാർ വളന്റിയർമാരുടെ ആരോഗ്യ സുരക്ഷക്ക് 2.02 കോടിയുമാണ് ചെലവ്. തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവക്കായി 47 കോടി പ്രതീക്ഷിക്കുന്നു. കൃഷി, മൃഗസംരക്ഷണ നഷ്ടപരിഹാരമായി 297 കോടി, വീട് പുനർനിർമാണത്തിന് 250 കോടി, സർക്കാറിനുണ്ടായ സ്വത്ത് നഷ്ടത്തിന് പരിഹാരം 56 കോടി, ടൂറിസം നഷ്ടപരിഹാരത്തിന് 50 കോടി, ഭൂമി പുനരുദ്ധാരണത്തിന് 36 കോടി, താൽക്കാലിക ക്യാമ്പുകൾക്ക് 34 കോടി, മൂന്ന് സ്കൂളുകളുടെ പുനരുദ്ധാരണത്തിന് 18 കോടി, വൈദ്യുതി പുനഃസ്ഥാപനത്തിന് 14 കോടി, വെള്ളക്കെട്ട് നിവാരണത്തിന് മൂന്ന് കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മേയ് മുതൽ ജില്ല ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി ഒരുക്കങ്ങൾ ആരംഭിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. മണ്ണ് നീക്കവും ഖനനവും ടൂറിസ്റ്റുകളുടെ വരവും നിരോധിച്ചു. മൺസൂൺ മുന്നൊരുക്കങ്ങൾ നിരന്തരം വിലയിരുത്തി. ദുരന്തത്തിന് ദിവസങ്ങൾക്കുമുമ്പേ മുന്നറിയിപ്പ് നൽകിയതിലൂടെ ഒട്ടേറെ കുടുംബങ്ങളെ രക്ഷപ്പെടുത്താൻ സഹായിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
വയനാട് ദുരന്തംമൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2012-ൽ കേരളത്തിൽ വരൾച്ച ഉണ്ടായപ്പോൾ ഏത് മാനദണ്ഡ പ്രകാരമാണ് യുഡിഎഫ് സർക്കാർ 19,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതെന്ന് വിശദീകരിക്കാമോ? 2012 മുതൽ കേരളം ദുരന്തനിവാരണനിധിയിൽ നിന്ന് അധിക സഹായം തേടിയ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങേയ്ക്കു തന്നെ അവ പരിശോധിക്കാം.
ഇന്നലെ ചാനലുകളും സോഷ്യൽമീഡിയയിലെ യുഡിഎഫ്-ബിജെപി ഹാന്റിലുകളും കേരളത്തിന്റെ തട്ടിപ്പ് കണക്കിനെക്കുറിച്ച് അർമാദിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അതിൽ പങ്കുചേരാതിരുന്നപ്പോൾ എനിക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായി. എൽഡിഎഫിന് തുടർഭരണം കിട്ടിയതു മുതൽ യുഡിഎഫ് സ്വീകരിച്ച നിഷേധാത്മക രാഷ്ട്രീയത്തിൽ നിന്ന് ഒരു ചുവടുമാറ്റമാണോ? അങ്ങനെയൊരു മനംമാറ്റവും തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
“കേന്ദ്ര ഗവൺമെന്റിന് ഇങ്ങനെയാണോ മെമ്മോറാണ്ടം സമർപ്പിക്കേണ്ടത്? എസ്ഡിആർഎഫ് നോംസ് അനുസരിച്ചിട്ടാണ് കേന്ദ്ര ഗവൺമെന്റിന് ഇത് സമർപ്പിക്കേണ്ടത്. എസ്ഡിആർഎഫ് നോംസുമായി ബന്ധപ്പെട്ട് യാതൊരുബന്ധവും ഇതിലെ പല കാര്യങ്ങൾക്കും ഇല്ല. മാത്രമല്ല, ഇതൊരു സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് വച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഒരു സാമാന്യബുദ്ധിയുള്ള ഒരു ക്ലർക്കുപോലും ഇത് തയ്യാറാക്കുമെന്ന് ഞാൻ കരുതുന്നില്ല.”
പ്രതിപക്ഷ നേതാവ് അറിയാൻ - എൽഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിച്ചപ്പോഴും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നതിന് ഒരേ സമ്പ്രദായമാണ് അനുവർത്തിക്കുന്നത്. എസ്ഡിആർഎഫ് മാനദണ്ഡ പ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. അതുപ്രകാരം 10 ഇനങ്ങൾക്കുള്ള മൊത്തം ചെലവ് 214 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തിനുണ്ടാകുന്ന പ്രതീക്ഷിത നഷ്ടമാകട്ടെ 524 കോടി രൂപയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തിനു മുഖ്യകാരണം ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിർമ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇനം മാറ്റിയാൽ രണ്ട് മതിപ്പുകണക്കും തമ്മിലുള്ള വ്യത്യാസം 90 കോടി രൂപയായി കുറയും.
പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. ആക്ച്വലായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 47 കോടി രൂപ ആപതമിത്ര-സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകർക്കും പൊലീസ്, സേന വിഭാഗങ്ങൾക്കും പ്രതീക്ഷിക്കുന്ന ചെലവാണ്. സാധാരണ സന്നദ്ധപ്രവർത്തകർക്കും ചെലവ് വന്നിട്ടുണ്ടെങ്കിൽ അതും ഇതിൽ ഉൾപ്പെടും. 21 കോടി രൂപ യന്ത്രങ്ങൾക്കുള്ള വാടക ചെലവാണ്. 34 കോടി രൂപ ദുരിതാശ്വാസ ക്യാമ്പുകളുടെ മൊത്തം പ്രതീക്ഷിത ചെലവാണ്. ഇതൊക്കെ ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളോടു പറയട്ടെ - 2018-ൽ 30,000-ത്തിൽപ്പരം കോടിയുടെ ആയിരുന്നു നഷ്ടം. 6000 കോടിയുടെ ധനസഹായമാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. 2914 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ചു!
ബിജെപി നേതാവ് കെ. സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ ഇത്രയും തുക സർക്കാർ എഴുതി എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറയരുത്. കേന്ദ്ര സർക്കാരിനു നൽകിയ ഈ നിവേദനത്തെ കേന്ദ്ര സംഘം വിലയിരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ അനുവദിക്കുന്ന തുകയിൽ നിന്ന് യഥാർത്ഥത്തിൽ ചെലവായ തുക കേരള സർക്കാരിനു റീഇംബേഴ്സ് ചെയ്യുകയാണു നടപടി ക്രമം. ഇതല്ലേ എക്കാലത്തും ഉണ്ടായിട്ടുള്ളത്?
ഇന്നത്തെ കേരളകൗമുദി റിപ്പോർട്ട് അവസാനിക്കുന്നത് ഈ വിവാദം കേന്ദ്ര സഹായം ലഭിക്കുന്നതിന് കുരുക്കായി മാറുമെന്ന് പറഞ്ഞുകൊണ്ടാണ്. സംഘികൾ അതു ചെയ്യട്ടെ. അതിനോടൊപ്പം യുഡിഎഫ് ചേരേണ്ടതുണ്ടോ?
സ. ടി.എം. തോമസ് ഐസക്
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.