അച്ഛനെയും അമ്മയെയും കൊലമുനയിൽ നിർത്തുന്ന ലഹരി...
text_fieldsഹരത്തിന് തുടങ്ങുന്ന ലഹരി ഹാനികരമായി ജീവിതം ഹോമിക്കുന്നവരുടെ എണ്ണമിന്ന് കൂടിവരുകയാണ്. ഇത്തരക്കാർ അവസാനമെത്തുന്നത് കൊടും ക്രൂരതകളിലും വലിയ കുറ്റകൃത്യങ്ങളിലും ഒരുപക്ഷേ ആത്മഹത്യയിലുമൊക്കെയാണ്. അതുകൊണ്ടുതന്നെ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയേ മതിയാവൂ. കോഴിക്കോട്ടെ ലഹരി വഴികളിലൂടെയുള്ള പരമ്പര ഇന്നുമുതൽ...
ഒരു വർഷം മുമ്പ്... കൃത്യമായി പറഞ്ഞാൽ 2022 ഒക്ടോബർ 16 ഞായറാഴ്ച രാത്രി 10.30. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഫോൺ മുഴങ്ങുന്നു... ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫിസർ ഫോണെടുത്ത് ഹലോ പറഞ്ഞതും! എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസിനടുത്തുള്ള വീട്ടിൽ നിന്നാണ്.
അച്ഛനെയും അമ്മയെയും താൻ കുത്തിക്കൊന്നു. ശവം കൊണ്ടുപോകാൻ ആംബുലൻസുമായി വേഗം വരുക... കൂസലില്ലാതെയുള്ള യുവാവിന്റെ സംസാരം കേട്ടപാടെ ഓഫിസറൊന്ന് പകച്ചെങ്കിലും ഉടൻ നടക്കാവ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. നിമിഷങ്ങൾക്കകം എസ്.ഐ എസ്.ബി. കൈലാസ് നാഥും പൊലീസുകാരും ജീപ്പിൽ സംഭവ സ്ഥലത്തേക്ക് കുതിച്ചു.
വീട്ടിലെത്തിയ പൊലീസ് കണ്ടത് സ്വന്തം മാതാവിന്റെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആർത്തട്ടഹസിച്ച് നിൽക്കുന്ന മകനെ. കത്തി കുത്തി മാതാവിന്റെ കഴുത്തിൽ നിന്നും ചോരയൊലിക്കുന്നുണ്ട്. എസ്.ഐ എത്ര അനുനയിപ്പിച്ചിട്ടും ആ മകൻ പിന്തിരിഞ്ഞില്ല. അടുത്താൽ അമ്മയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ മകനെ പൊലീസ് തന്ത്രത്തിൽ ഒരു മുറിയിലേക്ക് തള്ളിമാറ്റി മുറിപൂട്ടി.
ഇതോടെ ഞാൻ സ്വയം കുത്തിമരിക്കുമെന്നായി യുവാവ്. ആ മകനെ പാലൂട്ടിയ അമ്മ മനസ്സ് ഇതുകേട്ടതും പൊലീസിന്റെ വാക്കുകേൾക്കാതെ വാതിൽ തുറന്നു. ആ മകൻ മാതാവിന്റെ പുറത്ത് കത്തികൊണ്ട് കുത്തി. അമ്മയെ ഒരുവിധം ഇയാളിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തിയപ്പോഴേക്കും, ഈ മകൻ തല്ലിയൊടിച്ച കാലിൽ പ്ലാസ്റ്ററിട്ട് മറ്റൊരു മുറിയിൽ കിടക്കുന്ന പിതാവിനു നേരെയായി യുവാവിന്റെ പരാക്രമം.
കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ പിന്മാറിയതേയില്ല. അപ്പോഴേക്കും ഇൻസ്പെക്ടർ പി.കെ. ജിജീഷും കൂടുതൽ പൊലീസും ആംബുലൻസ്, ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്തെത്തി പരിക്കേറ്റ മാതാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പിതാവിന്റെ നെഞ്ചിലും കഴുത്തിലും തുരുതുരാകുത്തി.
ഇതോടെ ഇൻസ്പെക്ടർ യുവാവ് നിന്ന കിടക്കയിലേക്ക് രണ്ടുതവണ വെടിവെച്ചു. അൽപം അയഞ്ഞ ആ മകനെ നീണ്ട മൽപിടിത്തത്തിനൊടുവിൽ കീഴടക്കി. കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
പെറ്റമ്മയെയും വളർത്തി വലുതാക്കിയ പിതാവിനെയും കുത്തിക്കൊല്ലാൻ ഈ യുവാവിനെ പ്രേരിപ്പിച്ച മുഖ്യ സൂത്രധാരനെയാണ് നാം ഇനി അറിയേണ്ടത്. ലഹരി... അതാണ്, സർവനാശം വിതക്കുന്ന ആ അന്തകവിത്തിന്റെ പേര്. രാസലഹരിയുടെ മൂർധന്യത്തിലായിരുന്നു ആ മകൻ മാതാപിതാക്കളെ കത്തികൊണ്ട് കുത്തിയത്.
ആക്രമണത്തിനിടെയും എം.ഡി.എം.എ ഇയാൾ പത്തുരൂപയുടെ നോട്ടിൽ ചുരുട്ടി പൊലീസിന് മുന്നിൽ നിന്നുപോലും ഉപയോഗിച്ചിരുന്നു. ലഹരി തലക്കുപിടിച്ചതോടെ അമ്മയേയും അച്ഛനെയും കൊല്ലാൻ വരെ ആ യുവാവ് ശ്രമിക്കുകയായിരുന്നു.
ഇനി ഇയാളുടെ പഴയകാലം നോക്കാം. കോളജ് വിദ്യാഭ്യാസം നേടിയ ഇയാൾ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്. ലഹരി ഉപയോഗം തുടങ്ങിയതോടെ ജോലി പോയി. പിന്നീട് ലഹരിക്കായി അടിപിടി തുടങ്ങി. കേസിൽപെട്ട് ജയിലിലായി. ജാമ്യത്തിലിറങ്ങിയപാടെ വീണ്ടും ലഹരിക്കായി പലരെയും ആക്രമിച്ചു.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ പോയി പ്രശ്നങ്ങളുണ്ടാക്കിയ ഇയാളെ അവിടത്തെ പൊലീസ് ഇങ്ങോട്ട് വാഹനത്തിൽ കയറ്റിവിട്ടതോടെയാണ് വീട്ടിലെത്തി മാതാപിതാക്കളെ ‘കൊലമുന’യിൽ നിർത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ദിവസേനയെന്നോണം ഇവിടെയുണ്ടാവുന്നത്. ലഹരിയുടെ നീരാളിക്കൈകൾ ആൺ, പെൺ വ്യത്യാസമില്ലാതെ യുവതലമുറയെ കാർന്നുതിന്നുകയാണ്.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.