സംസ്ഥാനത്ത് മയക്കുമരുന്ന്, അബ്കാരി കേസുകൾ കുതിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന്, അബ്കാരി കേസുകൾ കുതിക്കുന്നു. സംസ്ഥാന പൊലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണ് ഈ ദുഃസ്ഥിതി വ്യക്തമാക്കുന്നത്.
പിടികൂടാനാകാത്ത വലിയ തോതിലുള്ള മയക്കുമരുന്നും വ്യാജമദ്യവും സംസ്ഥാനത്ത് ഒഴുകുന്നെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കൈവശംവെച്ചതിന് കഴിഞ്ഞവർഷം എൻ.ഡി.പി.എസ് ആക്ട് പ്രകാരം 5680 കേസുകളാണ് രജിസ്റ്റർ ചെത്തതെങ്കിൽ കഴിഞ്ഞ നാല് മാസത്തിൽ മാത്രം 6500 ലധികം കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് കണക്കുകൾ.
വ്യാജമദ്യം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് അബ്കാരി ആക്ട് പ്രകാരം കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 12,109 കേസുകളായിരുന്നെങ്കിൽ ഈവർഷം ഏപ്രിൽവരെ നാല് മാസത്തിൽ മാത്രം എണ്ണായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് കണക്ക്.
സംസ്ഥാനത്ത് വ്യാജമദ്യ വിപണനം സജീവമാകുന്നെന്ന എക്സൈസ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെയും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും കണ്ടെത്തലുകൾ ശരിവെക്കുന്ന നിലക്കാണ് ഈ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മയക്കുമരുന്ന് കടത്തിന്‍റെ മുഖ്യ കേന്ദ്രമായി കേരളം മാറിയെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് ശരിയാണെന്ന് വ്യക്തമാകും. 2019 ൽ മയക്കുമരുന്ന് കേസുകളിൽ വലിയ വർധനയുണ്ടായെങ്കിൽ കോവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന 2020,'21 വർഷങ്ങളിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസുകളിൽ കുറവുണ്ടായി. എന്നാൽ, മദ്യം ലഭിക്കാതിരുന്ന ഈ വർഷങ്ങളിൽ വീടുകളിൽ ഉൾപ്പെടെ വ്യാജമദ്യം നിർമാണം വ്യാപകമായെന്നാണ് അബ്കാരി കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. എന്നാൽ, പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ ഇത്തരം കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വ്യക്തം.
ന്യൂജെൻ മയക്കുമരുന്നുകൾ സംസ്ഥാനത്തിന്‍റെ എവിടെയെങ്കിലും നിന്ന് പിടികൂടാത്ത ദിവസമില്ലെന്നും അവർ പറയുന്നു. ക്യാരിയർമാരായി സ്ത്രീകളെ ഉൾപ്പെടെയാണ് ഈ സംഘങ്ങൾ ഉപയോഗിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.