മയക്കുമരുന്ന് കേസ്: കസ്റ്റഡി അപേക്ഷ തള്ളി
text_fieldsകൊച്ചി: പുറംകടലിൽനിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് കോടതി. പാക് പൗരനായ സുബൈറിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സമർപ്പിച്ച അപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്. എൻ.സി.ബി സമർപ്പിച്ച രേഖകളിൽ മയക്കുമരുന്ന് പിടികൂടിയത് തീരത്തുനിന്ന് എത്ര അകലെ നിന്നാണെന്ന് പറയുന്നില്ലെന്ന പ്രതിഭാഗത്തിെൻറ വാദം അംഗീകരിച്ചാണ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.സനൽകുമാർ കസ്റ്റഡി നിരസിച്ചത്.
എൻ.സി.ബി ചൊവ്വാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കുേമ്പാൾ കോടതി കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിക്കും.
രാവിലെ തുറന്ന കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോൾ വൈകീട്ടോടെ സുബൈറിനെ ഹാജരാക്കാൻ ജഡ്ജി ഉത്തരവിട്ടിരുന്നു.
എൻ.സി.ബി റിപ്പോർട്ടിലും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും തീരത്ത് നിന്നുള്ള ദൂരത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അവകാശപ്പെട്ടിരുന്നു. തീരത്തിെൻറ 12 നോട്ടിക്കൽ മൈൽ അപ്പുറത്തുനിന്നാണ് മയക്കുമരുന്ന് പിടിച്ചതെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൂടാതെ, സുബൈർ ഇറാനിലെ പാകിസ്താൻ അഭയാർഥിയാണെന്നും അതിനാൽ പാകിസ്താൻ പൗരനായി പരിഗണിക്കാനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു.
എൻ.സി.ബി സമർപ്പിച്ച റിപ്പോർട്ടിൽ പിടിച്ചെടുക്കൽ നടത്തിയ ദൂരത്തെക്കുറിച്ച് പരാമർശമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഏജൻസിക്ക് ഉണ്ടെങ്കിൽ ചൊവ്വാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.സി.ബിയോട് കോടതി നിർദേശിച്ചു.
സുബൈറിനെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ എൻ.സി.ബിയുടെ സീനിയർ പ്രോസിക്യൂട്ടറോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.