മയക്കുമരുന്ന് കേസ് അട്ടിമറി: എക്സൈസിലെ കളങ്കിതർക്കെതിരെ കർശന നടപടിക്ക് സർക്കാർ
text_fieldsതിരുവനന്തപുരം: കൊച്ചി മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിനുപിന്നാലെ കളങ്കിതരായ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഇവരുടെ ആസ്തി, പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്വേഷിക്കാനാണ് നീക്കം.
മയക്കുമരുന്ന് കേസ് തിരിമറിയുമായി ബന്ധപ്പെട്ട് ഒരുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും നാലുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ശങ്കറിനെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് സി.ഐ ജി. വിനോജിനെ കാസര്‍കോട്ടേക്കും പ്രിവൻറിവ് ഓഫിസർ കെ.എസ്. പ്രമോദിനെ മലപ്പുറത്തേക്കും സിവിൽ എക്സൈസ് ഓഫിസർമാരായ എം.എസ്. ശിവകുമാറിനെ ആലപ്പുഴയിലേക്കും എം.എ. ഷിബുവിനെ തൃശൂരിലേക്കുമാണ് സ്ഥലം മാറ്റിയത്.
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്സൈസ് കമീഷണർ എസ്. അനന്തകൃഷ്ണൻ സർക്കാറിന് ശിപാർശ നൽകിയിരുന്നു. അതും സർക്കാർ ഗൗരവമായി പരിഗണിക്കും. അഡീഷനൽ എക്സൈസ് കമീഷണർ നടത്തിയ അന്വേഷണത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ.
ലഹരി മരുന്ന് കേസിൽ പിടിയിലായ രണ്ടുപേരെ അന്വേഷണം നടത്താതെ വിട്ടയച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിലും ഗുരുതര വീഴ്ചയുണ്ടായി. പിടികൂടിയ ഒമ്പത് മൊബൈൽ ഫോണുകളിൽ അഞ്ചെണ്ണം പരിശോധിക്കാതെ മടക്കിനൽകി. സ്ഥലത്തുനിന്ന് കണ്ടെത്തിയ മാൻകൊമ്പ് സംബന്ധിച്ച വവിവരങ്ങൾ കൃത്യമായി സൂക്ഷിച്ചില്ല. ലാപ്ടോപ് ഉൾപ്പെടെ ഉപകരണങ്ങൾ കണ്ടെടുത്ത് സൂക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.